കെഎസ്ആർടിസി ബസ് അപകടം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടിയിലെ കെഎസ്ആർടിസി ബസ് അപകടത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് നൽകിയത് കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ആണ്. ബസിന്റെ ടയറുകൾക്കും ബ്രേക്കിനും തകരാറില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എതിർവശത്ത് നിന്നും ഒരു വാഹനം എത്തിയിരുന്നില്ലെന്നും ബസ് അമിത വേഗതയിൽ ആയിരുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു. ഇതിലും കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും ആർ.ടി.ഒ. അറിയിച്ചു.
അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി പരിശോധന നടത്തും. അപകടകാരണം കണ്ടെത്തുക ഇതിന്റെ ലക്ഷ്യമാണ്. ഇന്നലെ രാത്രി പുഴയിൽ നിന്ന് ഉയർത്തിയ ബസ് ഇന്ന് തിരുവമ്പാടി ഡിപ്പോയിലേക്ക് കൊണ്ടുപോകും. മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്ക് ശേഷം രണ്ട് ക്രെയിനുകളുടെ സഹായത്തോടെ ബസ് കരയിലേക്ക് മാറ്റി.
അപകടത്തിൽ മരിച്ച ത്രേസ്യാമ്മ (75) വേലംകുന്നേൽ കമലം (65) എന്നിവരുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. കെഎസ്ആർടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിൽ ചികിത്സയിലാണ്.







