കരിപ്പൂർ വഴി ഹജ്ജിനു പോകുന്നവരുടെ പ്രധാന ആവശ്യങ്ങൾ പരിഗണിക്കണം: കേന്ദ്രത്തോട് പ്രിയങ്ക ഗാന്ധി

മുക്കം : ഹജ്ജിനു പോവുന്നവർക്ക് മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ചു കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കുന്നത് കുറയ്ക്കുകയോ എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജിജുവിന് പ്രിയങ്ക ഗാന്ധി എംപി യുടെ കത്ത്. തീർഥാടനത്തിന് കോഴിക്കോട് നിന്ന് പോവുന്ന തീർഥാടകർ പ്രിയങ്ക ഗാന്ധിക്ക് നൽകിയ നിവേദനം കൂടി ഉൾപ്പെടുത്തിയാണ് പ്രിയങ്കയുടെ കത്ത്.
ഈ വർഷത്തെ ഹജ്ജിനായി അപേക്ഷ നൽകുമ്പോൾ വിമാന നിരക്കുകൾ സംബന്ധിച്ച് സൗദി എയർലൈൻസുമായി ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ നിരക്കുകൾ മറ്റു വിമാനത്താവളങ്ങൾക്കു സമാനമാവുമെന്ന പ്രതീക്ഷയിലാണ് കരിപ്പൂർ വിമാനത്താവളം മുൻഗണനയായി നൽകിയത് എന്ന് തീർഥാടകർ പ്രിയങ്കയ്ക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. എന്നാൽ, മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഏകദേശം നാല്പത്തിനായിരത്തോളം രൂപ അധിക നിരക്ക് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഈടാക്കുമെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ മറ്റ് വിമാനത്താവളത്തിലേക്ക് എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദിക്കുകയോ കോഴിക്കോട് നിന്നുള്ള നിരക്ക് കുറയ്ക്കുകയോ ചെയ്യണമെന്നാണ് തീർഥാടകരുടെ ആവശ്യം.







