തേനരുവിയും തമ്പുരാൻകൊല്ലിയും വിട്ടൊഴിയാതെ കാട്ടാനകൾ

തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് തമ്പുരാൻകൊല്ലി, കക്കാടംപൊയിൽ തേനരുവി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ജനവാസ മേഖലയിൽ കാട്ടാനകളുടെ സാന്നിധ്യം നാട്ടുകാരിൽ ഭീതി പടർത്തിയിരിക്കുകയാണ്. മാസങ്ങളായി ഇവിടെ കാട്ടനകളുടെ താണ്ഡവമാണ്. തമ്പുരാൻകൊല്ലി ലാ മിസ്ത ഫാം ടൂറിസത്തിന്റെ ഉടമസ്ഥതയിലുളള വീടിന്റെ രണ്ടു പില്ലറുകൾ കഴിഞ്ഞദിവസം കാട്ടാനകൾ തകർത്തു. ഫാമിലെ ഏലം, ജാതി വിളകളും നശിപ്പിച്ചു. സമീപം വനാതിർത്തിയിൽ വനംവകുപ്പിന്റെ സൗരോർജവേലി നിർമാണത്തിലേർപ്പെട്ട തൊഴിലാളികളെ കാട്ടാന ഓടിച്ചു. തേനരുവിയിൽ ഏറ്റുമാനൂകാരൻ അബ്രഹാം ജോസഫിന്റെ വീടിന്റെ മുറ്റത്ത് കഴിഞ്ഞദിവസം രാത്രി കാട്ടാന തമ്പടിച്ച് ഭീകരത സൃഷ്ടിച്ചു.
പ്രാണഭീതിയോടെ കുടുബം ഉറക്കമിളച്ചാണ് രാത്രിതള്ളിനീക്കിയത്. പ്ലാവിൽ നിന്നും ചക്കകൾ വീഴ്ത്തി ഭക്ഷിച്ചാണ് കാട്ടാന സ്ഥലം വിട്ടത്. വനംവകുപ്പ് താമരശ്ശേരി റെയ്ഞ്ചിൽനിന്നും ദ്രുതകർമസേന സ്ഥലത്തെത്തി നിരീക്ഷണം ഊർജിതമാക്കിയിട്ടുണ്ട്. പീടികപ്പാറ, നായർകൊല്ലി ഫോറസ്റ്റ് റെയ്ഞ്ചുകളിൽപ്പെടുന്ന പ്രദേശങ്ങളാണിത്. മലയോരത്തെ വനാതിർത്തികളിൽ മുഴുവൻഭാഗത്തും സൗരോർജ വേലികൾ പണിയാൻ അടിയന്തരനടപടി വേണമെന്നും വനംവകുപ്പ് ദ്രുതകർമസേന മുഴുവൻ സമയം നിരീക്ഷണമേർപ്പെടുത്തണമെന്നും പ്രദേശങ്ങൾ സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ ബോസ് ജേക്കബ്, സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട്മല, നിയോജകമണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, ഗ്രാമപ്പഞ്ചായത്തംഗം എൽസമ്മ ജോർജ്, ജിതിൻ പല്ലാട്ട്, സിബു തോട്ടത്തിൽ, സണ്ണി പെരികിലംതറപ്പിൽ, രാമചന്ദ്രൻ വാൽക്കണ്ടത്തിൽ, ജോർജ്കുട്ടി കക്കാടംപൊയിൽ തുടങ്ങിയവരാണ് പ്രദേശം സന്ദർശിച്ചത്.






