Kodiyathur

തകരുന്ന പ്രാഥമിക വിദ്യാഭ്യാസ സമ്പ്രദായം

കൊടിയത്തൂർ : നാട്ടിലെ മഹാഭൂരിപക്ഷം വിദ്യാർഥികളും ആശ്രയിക്കുന്ന പൊതുവിദ്യാലയങ്ങളിനിയും പല മേഖലകളിലും ശക്തമായ മാറ്റങ്ങൾക്ക് വിധേയമാവേണ്ടതുണ്ട്. കഴിഞ്ഞ കുറേ കാലങ്ങളിലെ പൊതുപ്രവർത്തനങ്ങൾ കൊണ്ട് എനിക്ക് ബോധ്യമായ വസ്തുതയാണത്.
പല പരിമിതികൾക്കിടയിലും നമ്മുടെ പഞ്ചായത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികച്ച പ്രകടനങ്ങളാണ് കാഴ്ച്ചവെയ്ക്കുന്നത്. എന്നാൽ പരാധീനതകളാൽ ഏറ്റവും പ്രയാസപ്പെടുന്ന പ്രൈമറി സ്കൂൾ പ്രധാനധ്യാപകരെ സമൂഹം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല എന്നത് നഗ്നമായ സത്യമാണ്.

150 ൽ താഴെ കുട്ടികളുള്ള LP- UP സ്കൂളുകളിലെ പ്രധാനധ്യപകന് ക്ലാസ് ചാർജുണ്ട്. LP വിഭാഗമാണെങ്കിൽ രാവിലെ മുതൽ വൈകുന്നേരം വരെ എല്ലാ വിഷയവും ഒരേ അധ്യാപകനാണ് എടുക്കേണ്ടത്. എ ഇ ഒ ഓഫീസ്, ബി ആർ സി , ഡി ഡി ഇ, ഡിജിഇ തുടങ്ങിയ വിദ്യാഭ്യാസ വകുപ്പുകൾ നൽകുന്ന പിടിപ്പത് ജോലിയോടൊപ്പം കുട്ടികൾ, രക്ഷിതാക്കൾ, പിടിഎ, നാട്ടുകാർ, പഞ്ചായത്ത് തുടങ്ങിയവരുടെ ആവശ്യങ്ങളും ഈ ഹെഡ്മാസ്റ്റർമാർ തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്. നൂറ് കണക്കിന് ഓഫീസ് രേഖകളാണ് അദ്ദേഹം പൂർത്തിയാക്കേണ്ടി വരിക. ഉച്ചഭക്ഷണം, പാൽ, മുട്ട തുടങ്ങിയവ ഒരുക്കേണ്ടതും വിതരണം ചെയ്യേണ്ടതും മുൻകൂറായി പണം ചിലവഴിക്കേണ്ടതും എച്ച് എം തന്നെയാണ്. ഇതിനിടയിൽ എങ്ങനെയാണ് ക്ലാസെടുക്കാൻ സമയം കിട്ടുക? അപ്പോൾ പുറത്തുള്ള ഏതെങ്കിലും ടീച്ചർമാരുടെ സഹായം തേടുകയേ രക്ഷയുണ്ടാവൂ. അവർക്കുള്ള പണവും എച്ച് എം സ്വന്തം കീശയിൽ നിന്ന് കൊടുക്കേണ്ടി വരുന്നു. പിടിഎ ഫണ്ടുകൾ പലപ്പോഴും ഒന്നിനും തികയാതിരിക്കുന്ന അവസ്ഥയാണുള്ളത്. മാനസിക സമ്മർദ്ദത്തോടൊപ്പം വലിയ സാമ്പത്തിക നഷ്ടവും…!

പല സ്കൂളുകളിലും ഒന്നാം ക്ലാസിലേക്ക് കുട്ടികളെ കിട്ടാൻ വേണ്ടി കെ ജി വിഭാഗം തുടങ്ങിയിട്ടുണ്ട്. എന്നാൽ പല കെ ജി വിഭാഗങ്ങൾക്കും സർക്കാർ പണം നൽകുന്നില്ല. ആയതിനാൽ ടീച്ചേഴ്സിനും ആയമാർക്കും ശമ്പളം കൊടുക്കേണ്ടതും എച്ച് എം ൻ്റെ ബാധ്യതയാണ്. ആ കുട്ടികൾക്കുള്ള ഭക്ഷണം സർക്കാർ നൽകാത്തതിനാൽ സ്കൂൾ കുട്ടികൾക്ക് കിട്ടുന്ന ഭക്ഷണ തുകയിൽ നിന്ന് അതും കണ്ടെത്തണം. അധ്യാപകരുടെ ക്ലാസുകൾ നേരിട്ട് പരിശോധിച്ച് എല്ലാ ദിവസവും റിപ്പോർട്ട് സമർപ്പിക്കേണ്ടതും എച്ച് എം തന്നെ. ഇത്തരം ചെറിയ സ്കൂളുകളിൽ വൃത്തിയാക്കാൻ ഒരു പാർട്ട്ടൈം സ്റ്റാഫ് ഉണ്ടാവുമെങ്കിലും മറ്റൊരു വർക്കിനും സഹായിയായി ഒരാളെപ്പോലും കിട്ടില്ല എന്നതാണ് സത്യം. രണ്ട് മൂന്ന് വർഷങ്ങളായി ഭക്ഷണത്തിന് മുൻകൂറായി ചിലവഴിക്കുന്ന പതിനായിരങ്ങൾ കുറേ മാസങ്ങൾ കഴിഞ്ഞാണ് HM മാർക്ക് കിട്ടുന്നത്.

Related Articles

Leave a Reply

Back to top button