പശ്ചാത്തലവികസനത്തിന് ഒൻപതുവർഷം 33,101 കോടി ചെലവഴിച്ചു; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കൊടിയത്തൂർ : സംസ്ഥാനത്ത് കഴിഞ്ഞ ഒൻപതുവർഷത്തിനിടെ പശ്ചാത്തലവികസന മേഖലയിൽ 33,101 കോടി രൂപ സംസ്ഥാനസർക്കാർ ചെലവഴിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മണാശ്ശേരി-കൊടിയത്തൂർ-ചുള്ളിക്കാപറമ്പ് റോഡിന്റെ നിർമാണംപൂർത്തിയായ ആദ്യഘട്ടത്തിന്റെയും രണ്ടാംഘട്ടപ്രവൃത്തിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രവൃത്തി ആരംഭിക്കുന്ന തെയ്യത്തുംകടവുമുതൽ കൊടിയത്തൂർ വില്ലേജ് ഓഫീസ് ജങ്‌ഷൻവരെയുള്ള രണ്ടാംഘട്ടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അഞ്ചുവർഷംകൊണ്ട് 100 പാലത്തിന്റെ നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം.
എന്നാൽ, നാലുവർഷം പൂർത്തിയായപ്പോൾത്തന്നെ നൂറിലധികം പാലത്തിന്റെ നിർമാണം പൂർത്തിയാക്കാൻ സാധിച്ചു. പശ്ചാത്തലവികസന മേഖലയിൽ മാത്രമല്ല, എല്ലാരംഗത്തും പ്രതീക്ഷിച്ചതിനപ്പുറമുള്ള വികസനപ്രവർത്തനങ്ങൾ നടപ്പാക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. മുക്കം നഗരസഭയെയും കൊടിയത്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന 5.985 കിലോമീറ്റർ റോഡ് കിഫ്ബിയുടെ സഹായത്തോടെ 28.35 കോടി ചെലവിലാണ് ആധുനികരീതിയിൽ നവീകരിച്ചത്. ഈ റോഡിന്റെ മധ്യഭാഗത്തായി തെയ്യത്തുംകടവുമുതൽ കൊടിയത്തൂർ വില്ലേജ് ഓഫീസുവരെയുള്ള 575 മീറ്റർ ദൂരത്തിലാണ് രണ്ടാംഘട്ടം പ്രവൃത്തി ആരംഭിക്കുന്നത്. ഈ ഭാഗത്ത് ആകെ 900 മീറ്ററോളം ദൂരം മാത്രമാണ് ഇനി വീതികൂട്ടി നവീകരിക്കാനുള്ളത്.
വളരെയേറെ യാത്രാപ്രാധാന്യമുള്ള റോഡ് വീതികൂട്ടി നവീകരിക്കുന്നത് പതിറ്റാണ്ടുകൾക്കുശേഷമാണ്. ഈ സാഹചര്യത്തിൽ നാട്ടുകാർ ഉത്സവച്ഛായയിലാണ് ഉദ്ഘാടനപരിപാടി ഒരുക്കിയത്. സ്കൗട്ട് ആൻഡ് ഗൈഡ്സ്, എസ്‌പിസി, ജെആർസി വിദ്യാർഥികളും ഒട്ടേറെ നാട്ടുകാരും അണിചേർന്ന ഘോഷയാത്രയോടെയാണ് ഉദ്ഘാടനംനടന്നത്. റോഡ് വീതികൂട്ടാൻ സൗജന്യമായി സ്ഥലംനൽകിയ 300-ഓളം സ്ഥലമുടമകളെ പ്രത്യേകമായി ക്ഷണിച്ചുവരുത്തി പങ്കെടുപ്പിച്ചതും ശ്രദ്ധേയമായി.
കൊടിയത്തൂരിൽനടന്ന പരിപാടിയിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. പിഡബ്ല്യുഡി എഇപി ബി. ബൈജു റിപ്പോർട്ടവതരിപ്പിച്ചു. മുക്കം നഗരസഭാ ചെയർപേഴ്സൺ പി.ടി. ബാബു, കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദിവ്യാ ഷിബു, നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ കെ.പി. ചാന്ദ്നി, കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ വി. കുഞ്ഞൻ, കൗൺസിലർമാരായ എം.വി. രജനി, ബിജുനാ മോഹനൻ, അബ്ദുൽ ഗഫൂർ, ഗ്രാമപ്പഞ്ചായത്ത് മെമ്പർ ടി.കെ. അബൂബക്കർ, കെആർഎഫ്ബി ടീം ലീഡർ ആർ. സിന്ധു തുടങ്ങിയവർ സംസാരിച്ചു.







