Mukkam

കുടക്കീഴിൽ ജീവിതം തിരിച്ചുപിടിച്ച് ‘യുവ’ കൂട്ടായ്മ

മുക്കം : എഴുന്നേറ്റുനിൽക്കാനാവാതെ, ചക്രക്കസേരയിലും കിടക്കയിലുമിരുന്ന് നിർമിച്ച വിവിധവർണങ്ങളിലുള്ള കുടകളും പേപ്പർ പേനകളും… തളരാത്തമനസ്സുമായി ജീവിതം തിരിച്ചുപിടിക്കുകയാണ് മലയോരമേഖലയിലെ ഒരുകൂട്ടം യുവാക്കൾ. മുക്കം ചേന്ദമംഗലൂർ സ്വദേശി ഷമീർ, കൂടരഞ്ഞി സ്വദേശി അജി, ഓമശ്ശേരി വെളിമണ്ണ സ്വദേശി രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് വീടുകളിൽനിന്ന്‌ കുടനിർമിച്ച് ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്നത്.വർഷങ്ങളായി വീൽച്ചെയറിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ ഇവരുടെ മനസ്സിൽത്തോന്നിയ ആശയമാണ് കൂട്ടായ്മക്ക്‌ വഴിയൊരുക്കിയത്. നാല്‌ ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയ ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് കുട-പേപ്പർപേന നിർമാണക്കൂട്ടായ്മ ആരംഭിക്കുകയായിരുന്നു.

മുക്കം നഗരസഭയിലും കൂടരഞ്ഞി, കാരശ്ശേരി, ഓമശ്ശേരി പഞ്ചായത്തുകളിലുമുള്ളവരാണ് നിലവിൽ ഈ കൂട്ടായ്മയിലുള്ളത്. കുട്ടികൾക്കാവശ്യമായ വർണക്കുടകൾ, മൂന്ന്-അഞ്ച് മടക്ക് കുടകൾ, നാനോ കുടകൾ, കാലൻകുടകൾ, വലിയ ഗോൾഫ്‌ കുടകൾ തുടങ്ങിയവ മികച്ച ഗുണനിലവാരത്തിൽ ഇവർ നിർമിച്ചുനൽകും. 250 മുതൽ 600 രൂപവരെയാണ് നിരക്ക്. വരുംവർഷങ്ങളിൽ കൂടുതൽ ആളുകളെ കൂട്ടായ്മയിൽ ചേർത്ത് കുടുംബങ്ങൾക്ക് കൈത്താങ്ങൊരുക്കുകയാണ് ലക്ഷ്യമെന്ന് ഇവർ പറയുന്നു.

കോഴിക്കോട്ടുനിന്നാണ് നിർമാണത്തിനാവശ്യമായ സാധനങ്ങളെത്തിക്കുന്നത്. ഓരോരുത്തരും അവരവരുടെ വീട്ടിൽനിന്ന് കുടകൾ നിർമിച്ച് വാട്സാപ്പിൽ വിവരങ്ങൾ പങ്കുവെക്കും. കൂട്ടായ്മയിലെ ഓരോരുത്തർക്കും നിശ്ചിതഡ്യൂട്ടികളും നിശ്ചയിച്ചിട്ടുണ്ട്. ഓർഡർ സ്വീകരിക്കൽ, മാർക്കറ്റിങ്, കൊറിയർ അയക്കൽ തുടങ്ങി എല്ലാജോലികളും ചെയ്യുന്നത് ഇവർതന്നെയാണ്. ആവശ്യക്കാർക്ക് ഇന്ത്യയിലെവിടെയും കൊറിയറിലൂടെ കുടകളും പേനകളും ഇവർ എത്തിച്ചുനൽകും.

Related Articles

Leave a Reply

Back to top button