സ്ഥലത്തെത്തിയ എസ്‌ഐയെ കൈയേറ്റം ചെയ്തു

പുതുപ്പാടി : വാഹനത്തിന് വശംനൽകാത്തതിനെച്ചൊല്ലി പുതുപ്പാടി വെസ്റ്റ്‌കൈതപ്പൊയിലിൽ വ്യാഴാഴ്ച അർധരാത്രിയോടെ സംഘർഷം. ബൈക്ക് യാത്രക്കാരെ തടഞ്ഞുവെച്ച് വാഹനം അടിച്ചുതകർക്കുകയും സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസ് സംഘത്തിലെ എസ്‌ഐയെ മർദിക്കുകയുംചെയ്തു. സംഭവത്തിൽ എസ്‌ഐയുടെ പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മുൻ ലോക്കൽ, ബ്രാഞ്ച് സെക്രട്ടറിമാരുമുൾപ്പെടെ ഏഴാളുടെപേരിൽ താമരശ്ശേരി പോലീസ് ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്തു.
മുൻ ലോക്കൽസെക്രട്ടറി ഉൾപ്പെടെ ആറാളുടെപേരിൽ ബൈക്ക് തല്ലിത്തകർത്തതിനും കേസ് രജിസ്റ്റർചെയ്തു. സിപിഎം ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന സ്റ്റാലിൻ വിജയ്, മുൻ പുതുപ്പാടി ലോക്കൽസെക്രട്ടറി പി.കെ. ഷൈജൽ, മുൻ ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറി ശ്യാമിൽ എന്നിവരുടെയും കണ്ടാലറിയാവുന്ന നാലാളുടെയും പേരിലാണ് എസ്‌ഐയുടെ പരാതിയിൽ കേസെടുത്തത്. കാർയാത്രക്കാരനായ ഷൈജലിനും കണ്ടാലറിയാവുന്ന അഞ്ചാളുടെയുംപേരിൽ ബൈക്ക് യാത്രക്കാരന്റെ പരാതിയിലും കേസെടുത്തു.
വെസ്റ്റ് കൈതപ്പൊയിൽ-കണ്ണപ്പൻകുണ്ട് റോഡിൽ കാർ വശംതരാതെ ബൈക്കിനോട് ചേർത്തടുപ്പിച്ചെന്നാരോപിച്ച് ബൈക്ക് യാത്രക്കാർ കാർയാത്രക്കാരനോട് കയർത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. കാർ അടുപ്പിച്ചത് ചോദ്യംചെയ്തതിന് തന്നെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും കാർയാത്രക്കാരനും അവിടെയെത്തിയവരും തടഞ്ഞ് കൈയേറ്റംചെയ്യുകയും ബൈക്ക് തകർക്കുകയുംചെയ്തെന്നാണ് ആവിലോറ സ്വദേശി ഹബീബ് റഹ്‌മാൻ നൽകിയ പരാതി.അതേസമയം, സംഘർഷമുണ്ടായ സമയത്ത് അവിടെയെത്തിയ അടിവാരം ഔട്ട് പോലീസ് സംഘത്തിന്റെ അംഗബലം കുറവായതിനാൽ നൈറ്റ് പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ എം. ജയന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടരയ്ക്ക് സ്ഥലത്തെത്തുകയായിരുന്നു. സംഘർഷസ്ഥലത്ത് കൂട്ടംകൂടിനിന്നവർ പിരിഞ്ഞുപോവുന്നതിനായി പോലീസ് ലാത്തിവീശി. തുടർന്ന് തന്നെ തടഞ്ഞുവെച്ച് ഇടിച്ച് പരിക്കേൽപ്പിച്ചെന്നാണ് എസ്‌ഐ നൽകിയ പരാതിയിൽ പറയുന്നത്.







