Karassery

ഒടുവിൽ തോട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജിനും മോചനകാലം വന്നു

കാരശ്ശേരി : മൂന്നുപതിറ്റാണ്ടുനീണ്ട കാത്തിരിപ്പിനൊടുവിൽ കാരമൂല തോട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജിന് മോചനകാലം വന്നു. മുഖ്യമന്ത്രിയുടെ നവകേരളസദസ്സിൽ ഉയർന്നുവന്ന നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ബ്രിഡ്‌ജിന് എഫ്ആർഎഫ് ഷട്ടർ നിർമിക്കുന്നതിനും സംരക്ഷണഭിത്തി നിർമിക്കുന്നതിനുമായി 50 ലക്ഷം രൂപ അനുവദിച്ചു.ചെറുപുഴയ്ക്ക് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ നിർമിച്ച് മൂന്നുപതിറ്റാണ്ടോളമായിട്ടും വെള്ളം തടഞ്ഞുനിർത്തി ഉപയോഗിക്കാൻ ഷട്ടർ നിർമിക്കാത്തതുമൂലം പ്രയോജനമില്ലാതെകിടക്കുന്നത് മാതൃഭൂമി പലതവണ റിപ്പോർട്ട്ചെയ്തിരുന്നു. ഷട്ടർ നിർമിക്കുന്നതോടെ പ്രദേശത്തെ രൂക്ഷമായ കുടിനീർക്ഷാമം അകറ്റാൻകഴിയും.

മഴക്കാലത്തുപോലും കുടിവെള്ളം കിട്ടാനില്ലാത്ത പ്രദേശങ്ങൾക്ക് പരിഹാരമായി ജലം സംരക്ഷിച്ച്‌ വിതരണംചെയ്യാനാണ് കാരമൂല തോട്ടക്കടവിൽ ചെറുപുഴയ്ക്ക് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ നിർമിച്ചത്. എന്നാൽ, ലക്ഷങ്ങൾ മുടക്കി പദ്ധതി എന്തിനാണോ നിർമിച്ചത് അക്കാര്യത്തിന് ഇന്നേവരെ പ്രയോജനപ്പെട്ടിട്ടില്ല.കൂടരഞ്ഞി പഞ്ചായത്തിലെ പതിമ്മൂന്നാം വാർഡിൽപ്പെട്ട കൽപ്പൂര്, കൊട്ടാരപ്പറ്റ, പട്ടോത്ത്, കോവിലകത്തുംകടവ്, കാരശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ട കാരമൂല, തോട്ടക്കടവ്, കൽപ്പൂര്, ആറാം ബ്ലോക്ക്, മാങ്കുന്ന് ഭാഗങ്ങളിൽ താമസിക്കുന്ന ഭൂരിഭാഗം ജനങ്ങളുടെയും കുടിവെള്ളസ്രോതസ്സാണ് ചെറുപുഴ. കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളാണിതെല്ലാം.‌

മാത്രമല്ല, മഴക്കാലത്തും വെള്ളം ലഭിക്കാത്തതിനാൽ കുടിവെള്ളവിതരണത്തെമാത്രം ആശ്രയിക്കുന്ന ആറാം ബ്ലോക്ക്, താളിപ്പറമ്പ്, മാങ്കുന്ന് തുടങ്ങിയ പ്രദേശങ്ങളാണ് ഇതിൽ ഒരുഭാഗം.

Related Articles

Leave a Reply

Back to top button