മാലിന്യങ്ങൾ കൊണ്ടുപോവാൻ വലിയ ലോറി കിട്ടാതായി മാലിന്യനീക്കം നിലച്ചു

മുക്കം : റോഡുനിർമാണ പ്രവൃത്തിയെത്തുടർന്ന് എംസിഎഫിലേക്കുള്ള ഗതാഗതം തടസ്സപ്പെടുകയും ചില്ലുകുപ്പി ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൊണ്ടുപോവാൻ വലിയ ലോറി കിട്ടാതാവുകയുംചെയ്തതോടെ മുക്കം നഗരസഭയിലെ മാലിന്യനീക്കം നിലച്ചു. ഇതോടെ നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമായി, നഗരസഭയിലെ രണ്ടിടങ്ങളിൽ മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുകയാണ്. മലയോരമേഖലയിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നുപിടിക്കുമ്പോഴാണ് കൊതുകുകൾക്ക് ആവാസകേന്ദ്രമൊരുക്കി ഇവിടെ മാലിന്യം കുന്നുകൂടുന്നത്.
ഓമശ്ശേരി-തിരുവമ്പാടി റോഡിൽ കല്ലുരുട്ടി ഊർപ്പിലിനുസമീപത്താണ് വീടുകളിൽനിന്ന് ശേഖരിച്ച ടൺകണക്കിന് ചില്ലുമാലിന്യങ്ങൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്. ചില്ലുകുപ്പികൾ ആക്രിക്കടകൾ ഉൾപ്പെടെ എടുക്കാതായതോടെ നഗരസഭയിലെ വീടുകളിൽ കെട്ടിക്കിടന്ന 40 ടണ്ണോളം മാലിന്യം നഗരസഭയിലെ ഹരിതകർമസേനയെത്തി ശേഖരിക്കുകയായിരുന്നു. കിലോഗ്രാമിന് രണ്ടുരൂപ നിരക്കിൽ ഹരിതകർമസേനയ്ക്ക് നൽകി സ്വകാര്യവ്യക്തിയാണ് ഈ മാലിന്യം കൊണ്ടുപോയിരുന്നത്. എന്നാൽ, മാലിന്യം നീക്കംചെയ്യാൻ വലിയ ലോറി ലഭ്യമാവാതായതോടെയാണ് ഈ മാലിന്യനീക്കം നിലച്ചതെന്ന് അധികൃതർ പറയുന്നു.
അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ പുതുതായി ആരംഭിച്ച ബെവറജസ് ഔട്ട്ലെറ്റിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് മറ്റൊരു മാലിന്യക്കൂമ്പാരം. നഗരസഭയുടെ വിവിധഭാഗങ്ങളിൽനിന്ന് ഹരിതകർമസേന ശേഖരിച്ച മാലിന്യമാണ് ഇവിടെ അശാസ്ത്രീയരീതിയിൽ സൂക്ഷിച്ചിരിക്കുന്നത്. ചാക്കുകളിലാക്കി ഇവിടെയെത്തിച്ച ടൺകണക്കിന് മാലിന്യത്തിൽ കുറച്ചുചാക്കുകൾമാത്രമേ പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മൂടിയിട്ടിട്ടുള്ളൂ. ബാക്കിയുള്ള ചാക്കുകളിലെ മാലിന്യം മഴനനഞ്ഞ്, ദുർഗന്ധംവമിക്കുന്ന അവസ്ഥയിലാണ്. മാലിന്യനീക്കം കരാറെടുത്ത കോനാരി കമ്പനി അധികൃതർ വാടകയ്ക്കെടുത്ത പറമ്പിലാണ് മാലിന്യം അശാസ്ത്രീയമായി കൂട്ടിയിട്ടിരിക്കുന്നത്.







