കോഴിമാലിന്യസംസ്കരണ ഫാക്ടറിക്കെതിരേ കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത്

കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ കോഴിമാലിന്യസംസ്കരണ ഫാക്ടറി സ്ഥാപിക്കരുതെന്ന് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയോഗം ഐകകണ്ഠ്യേന ആവശ്യപ്പെട്ടു. പഞ്ചായത്തിലെ പന്നിമുക്ക് പ്രദേശത്ത് ഫാക്ടറി സ്ഥാപിക്കാനാണ് നീക്കം നടക്കുന്നത്. ഇത് ജനങ്ങളെ അണിനിരത്തി തടയുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു. അതിനായി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ജനങ്ങളെ ഉൾപ്പെടുത്തി ചൊവ്വ ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കാനും ഏഴ്, എട്ട്, ഒൻപത്, 10 വാർഡുകളിൽ സ്പെഷ്യൽ ഗ്രാമസഭ വിളിക്കാനും ഭരണസമിതി തീരുമാനിച്ചതായും പറഞ്ഞു. ഫാക്ടറി സ്ഥാപിക്കാൻ അനുവദിക്കേണ്ടെന്ന് പഞ്ചായത്ത് ഭരണസമിതിയെടുത്ത തീരുമാനം പൊലൂഷൻ കൺട്രോൾ ബോർഡ് ഓഫീസിൽ പ്രസിഡന്റും ഭരണസമിതിയംഗങ്ങളും സെക്രട്ടറിയും അറിയിച്ചിട്ടുണ്ട്.
ജനവാസമേഖലയിൽ കോഴിമാലിന്യസംസ്കരണ ഫാക്ടറി വന്നാൽ ജനങ്ങൾക്ക് അസഹ്യമായ ദുർഗന്ധം, ജലമലിനീകരണം അടക്കമുള്ള മലിനീകരണപ്രശ്നമുണ്ടാകും. രണ്ടുകിലോമീറ്റർ ചുറ്റളവിൽ ജനങ്ങൾക്ക് താമസിക്കാൻകഴിയാത്ത അവസ്ഥയാണുണ്ടാവുക. ഇപ്പോൾത്തന്നെ സമീപത്തെ റബ്ബർ ഫാക്ടറിയിൽനിന്ന് ക്വാറി, ക്രഷർ എംസാന്റ്, യൂണിറ്റുകളിൽനിന്ന് മലിന്യങ്ങൾ തോട്ടിലേക്ക് ഒഴിക്കിവിടുന്നതായും മറ്റുമുള്ള പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ഇനി റെന്ററിങ് പ്ലാന്റ് കൂടി തുടങ്ങിയാൽ മലയോരമേഖലയുടെ ശുദ്ധവായുവും ജലവും നശിപ്പിക്കപ്പെടും. മനുഷ്യരുടെ സ്വൈരജീവിതം തകർക്കുന്ന ഈ സംവിധാനത്തിന് അധികാരികൾ അനുമതിനൽകരുത്. പഞ്ചായത്തിലെ കോഴി അറവുമാലിന്യം പഞ്ചായത്തിൽത്തന്നെ അംഗീകൃത പന്നിക്കർഷകഫാമുകൾക്ക് നൽകാവുന്നതാണെന്നിരിക്കെ പുതിയ ഫാക്ടറിയുടെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി. ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.






