Thiruvambady

ആംബുലൻസ് പൊതുശ്മശാനത്തിൽ ഉപേക്ഷിച്ചനിലയിൽ

തിരുവമ്പാടി : മുൻ എംഎൽഎ സി. മോയിൻകുട്ടി പ്രാദേശിക വികസനഫണ്ടിൽനിന്ന്‌ അനുവദിച്ച ആംബുലൻസ് ഗ്രാമപ്പഞ്ചായത്ത് പൊതുശ്മശാനത്തിൽ ഉപേക്ഷിച്ചനിലയിൽ. 2011-22 വർഷം തിരുവമ്പാടി റോട്ടറി ക്ലബ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന് അനുവദിച്ച ആംബുലൻസാണ് ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ ഉപേക്ഷിച്ചത്.

കോവിഡ് മഹാമാരിയുടെ കാലത്ത് പഞ്ചായത്ത് ഏറ്റെടുത്ത വണ്ടിയാണ് പൊടിപിടിച്ചു ഉപയോഗശൂന്യമായി നശിക്കുന്നത്. കോവിഡ്കാലത്ത് കളക്ടറുടെ നിർദേശപ്രകാരം ദുരന്തനിവാരണ അതോറിറ്റി ഏറ്റെടുത്ത വണ്ടികളിലൊന്നാണിത്. താമരശ്ശേരി താലൂക്ക് തഹസിൽദാരുടെ സർക്കുലർ പ്രകാരമാണ് തിരുവമ്പാടി പഞ്ചായത്ത് ആംബുലൻസ് ഏറ്റെടുക്കുന്നത്.
കോവിഡ് രോഗികൾക്കായി ഏതാനുംവർഷം ഓടിയെങ്കിലും കോവിഡ്കാലം കഴിഞ്ഞതോടെ വണ്ടിക്ക്‌ ആവശ്യക്കാരില്ലാതായി. ഇതോടെ വണ്ടി ഏറ്റെടുക്കാൻ പഞ്ചായത്ത് ദുരന്തനിവാരണ അതോറിറ്റിക്ക്‌ കത്തയച്ചെങ്കിലും ഏറ്റെടുക്കുകയുണ്ടായില്ല. ഇതിനിടെ വണ്ടിക്ക്‌ ചില തകരാറുകൾ സംഭവിക്കുകയും ചെയ്തു.റോട്ടറി ക്ലബ്ബും കൈയൊഴിഞ്ഞതോടെ പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശപ്രകാരം പൊതുശ്മശാനത്തിലേക്ക് മാറ്റുകയായിരുന്നു.പഞ്ചായത്ത് ഉപേക്ഷിച്ചകാര്യം അറിയില്ലെന്നും തങ്ങൾക്ക് വണ്ടി ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ലെന്നുമാണ് റോട്ടറി ക്ലബ് ഭാരവാഹി പി.ടി. ഹാരിസ് പറയുന്നത്.

കോവിഡ്കാലത്ത് താത്കാലികമായി ഉപയോഗിക്കാൻമാത്രമാണ് പഞ്ചായത്തിന് വണ്ടി ലഭ്യമായതെന്നും ആവശ്യംകഴിഞ്ഞു തിരിച്ചുകൊണ്ടുപോകാൻ ആവശ്യപ്പെട്ടപ്പോൾ റോട്ടറി ക്ലബ് കൊണ്ടുപോകാൻ തയ്യാറായില്ലെന്നും ഇതിനിടെ ടാക്സ് അടയ്ക്കൽ, ഇൻഷുറൻസ്, ഫിറ്റ്‌നസ് ഉൾപ്പെടെയുള്ള സാങ്കേതിക നൂലാമാലകളിൽ കുടുങ്ങി പ്രവർത്തനം നിലയ്ക്കുകയായിരുന്നുവെന്നുമാണ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസന്റെ പ്രതികരണം.കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് വണ്ടി ഏറ്റെടുക്കുന്നത്. ബന്ധപ്പെട്ട അധികൃതരുടെ നിരുത്തരവാദിത്വ സമീപനത്തിന്റെ പ്രതീകമായി നാലുവർഷമായി വണ്ടി പൊതുശ്മശാനത്തിൽ. ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയാണ് ആർക്കും ഉപകാരപ്പെടാതെ നശിക്കുന്നത്.
വണ്ടി ഉപയോഗപ്പെടുത്താൻ നടപടിയാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button