Karassery
പെരുന്തേനീച്ചകൾ ആക്രമിച്ചു: ജീവരക്ഷയ്ക്ക് ബൈക്ക് യാത്രക്കാരൻ കിണറ്റിൽച്ചാടി

കാരശ്ശേരി : പെരുന്തേനീച്ചകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽനിന്ന് ജീവൻ രക്ഷിക്കാനായി ബൈക്ക് യാത്രക്കാരൻ കിണറ്റിൽച്ചാടി. മാമ്പറ്റ ചേരികലോട് ബൈക്കിൽ യാത്രചെയ്യുകയായിരുന്ന ചാത്തമംഗലം വേങ്ങേരിമഠം പടിഞ്ഞാറേ തൊടികയിൽ ഷാജുവാണ് പ്രാണരക്ഷാർഥം കിണറ്റിൽ ചാടിയത്.
വ്യാഴാഴ്ച വൈകുന്നേരം ഇദ്ദേഹം ബൈക്കിൽ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ പെരുന്തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഈച്ച പൊതിഞ്ഞ് ആക്രമിച്ചതോടെ രക്ഷപ്പെടാനായി തൊട്ടടുത്തുകണ്ട വീട്ടിലെ കിണറിലേക്ക് എടുത്തുചാടി.
നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് മുക്കം അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. കരയ്ക്കെത്തിച്ചപ്പോഴും ശരീരത്തിൽ പൊതിഞ്ഞ് ബാക്കിയുണ്ടായിരുന്ന തേനീച്ചകളെ ചൂട്ടുകത്തിച്ച് അകറ്റി. ശരീരത്തിൽ ആകമാനം കുത്തേറ്റ ഇദ്ദേഹത്തെ കെഎംസിടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.







