ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു

കാരശ്ശേരി : ബിജെപി ദേശീയ കൗൺസിൽ അംഗം അമ്പലകണ്ടി ചേറ്റൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ചെറുപ്പകാലം മുതൽ പൊതുരംഗത്ത് സജീവമായ അദ്ദേഹം ഭാരതീയ ജനസംഘത്തിന്റെ കാലഘട്ടത്തിൽ സംഘടനാരംഗത്ത് സജീവമായി. അറിയപ്പെടുന്ന പ്രസംഗകനായിരുന്നു. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡൻറ്, റൂറൽജില്ലാ പ്രസിഡന്റ്, രണ്ടുതവണ മുക്കം ഗ്രാമപ്പഞ്ചായത്ത് മെമ്പർ, മുക്കം സർവീസ് സഹകരണബാങ്ക് പ്രസിഡൻറ്, ബിഎസ്എൻഎൽ ഉപദേശകസമിതി അംഗം, കേരള ഗ്രാമീണബാങ്ക് ഡയറക്ടർ, കേന്ദ്ര സർക്കാർ വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി അംഗം, ഇരട്ടകുളങ്ങര ശ്രീകൃഷ്ണക്ഷേത്രം പ്രസിഡൻറ്, മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ പിടിഎ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. മലയമ്മ എയുപി സ്കൂളിൽനിന്നാണ് വിരമിച്ചത്.
മലബാറിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം വടകര ലോക്‌സഭാ മണ്ഡലത്തിൽനിന്നും തിരുവമ്പാടി, കൊടുവള്ളി നിയമസഭാ മണ്ഡലങ്ങളിൽനിന്നും ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. മാറാട് കലാപകാലത്ത് ജില്ലാ അധ്യക്ഷനായിരുന്ന അദ്ദേഹം പ്രതിസന്ധികളെയും പ്രകോപനങ്ങളെയും നേരിട്ടുകൊണ്ടാണ് പാർട്ടിയെ നയിച്ചത്. ഭാര്യ: പത്മാവതി (റിട്ട. അധ്യാപിക, ഉണ്ണികുളം യുപി സ്കൂൾ). മക്കൾ: സി.ബി. ബിനോജ് (അധ്യാപകൻ, സെയ്ൻറ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ, കോഴിക്കോട്), സി.ബി. അനൂപ്. മരുമകൾ: ഡോ. സിനി ബിനോജ് (പ്രോവിഡൻസ് കോളേജ്, കോഴിക്കോട്). സഹോദരങ്ങൾ: മണാശ്ശേരി എടക്കണ്ടിയിൽ ജാനകി അമ്മ, ചോലയിൽ തങ്കം, ചേറ്റൂർ മാധവൻ, ഇരട്ടക്കുളങ്ങര കച്ചേരി ശാന്തകുമാരി, മലയമ്മ ചേറ്റൂർ സദാനന്ദൻ, പരേതരായ കിഴക്കോത്ത് ആയിക്കോട്ടുമ്മൽ പാർവതി അമ്മ, മടവൂർ കൈതോട സരോജനി അമ്മ. സഞ്ചയനം തിങ്കളാഴ്ച.






