അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ അച്ഛൻ കടവ് പാലത്തിന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു

കോടഞ്ചേരി: ഏഴ് വർഷത്തിലധികമായി നിർമ്മാണപ്രവർത്തികൾ നടക്കുന്ന അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ അച്ഛൻ കടവ് പാലത്തിന് സമീപം സെന്റ് ജോൺസ് യാക്കോബായ പള്ളിക്ക് മുൻപിൽ മണ്ണിടിഞ്ഞ് വീണതിനാൽ റോഡിന്റെ ഒരു ഭാഗത്ത് കൂടി മാത്രമേ വാഹനങ്ങൾ കടന്നു പോവുകയുള്ളൂ. ഇന്ന് വൈകിട്ട് പെയ്ത മഴയിലാണ് റോഡിലേക്ക് മണ്ണിടിഞ്ഞു വീണത്. വാഹനങ്ങൾ വണ്‍വേ ആയി കടന്നുപോകാം, മറുഭാഗത്ത് റോഡിനോട് ചേർന്ന് പുഴയുടെ സെഡ് വലിയ കുഴിയാണ്.
21.20 കിലോമീറ്റർ ഉള്ള ഈ റോഡ് 70.36 കോടിക്ക് ആദ്യമെടുത്ത കരാറുകാരൻ പകുതിയിലധികം പണി പൂർത്തിയാക്കിയതിനു ശേഷം ഒഴിവായി പോയി. രണ്ടാമത് എടുത്ത കരാറുകാരൻ 45.83 കോടിക്ക് ഈ റോഡിന്റെ പണി 2023 ഓഗസ്റ്റ് മാസത്തിൽ തീർക്കേണ്ടതായിരുന്നു. കേരള റോഡ് ഫണ്ട് ബോർഡ് ( കെ ആർ എഫ് ബി)ക്കാണ് ഈ റോഡിന്റെ നിർമ്മാണ ചുമതല. വർഷങ്ങളായി നടക്കുന്ന ഈ റോഡിന്റെ നിർമ്മാണ പ്രവർത്തികൾ പല ഭാഗത്തും പല രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. അഗസ്ത്യാമുഴി മുതൽ സിലോൺ കടവ് പാലം വരെ ഏഴു മീറ്റർ ടാറിങ്ങും, താഴെ തിരുവമ്പാടി മുതൽ അഗസ്ത്യാമുഴി വരെ 7 മീറ്റർ ടാങ്ങിന് ശേഷം വരുന്ന ഭാഗം ഇൻറർലോക്ക് ഇടുകയും 10 മീറ്റർ റോഡ് പൂർണമായും ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്, എന്നാൽ സിലോൺ കടവ് മുതൽ കോടഞ്ചേരി വരെ അഞ്ചര മീറ്റർ ടാറിങ്ങും ബാക്കി റോഡിന്റെ ഇരുഭാഗത്തു രണ്ട് അടി വീതിയിൽ ഇൻറർലോക്കും ബാക്കി ഭാഗങ്ങൾ വെറുതെ ഇടുകയും ചെയ്തിരിക്കുകയാണ്. കോടഞ്ചേരി മുതൽ കൈതപ്പൊയിൽ വരെ ഏഴു മീറ്റർ ടാറിംഗ് മാത്രമേ ഉള്ളൂ എന്നാണ് കരാറുകാർ ഇപ്പോൾ പറയുന്നത്.
ഇപ്പോൾ മണ്ണിടിഞ്ഞ ഭാഗത്തിന്റെ എതിർഭാഗത്ത് പുഴയാണ് ഇതുവരെ കരിങ്കൽ ഉപയോഗിച്ച് പുഴയുടെ ആ ഭാഗം കെട്ടിയിട്ടില്ല. പള്ളിയോട് ചേർന്നുള്ള ഭാഗത്ത് മണ്ണിടിച്ച് ആവശ്യത്തിന് വീതിയിൽ സ്ഥലം എടുത്ത് കരിങ്കൽ കെട്ടി സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഏഴു വർഷത്തോളമായ റോഡ് പണി അശാസ്ത്രീയമായ പണിയിലും വളവുകൾ കൂടുതലുള്ള കോടഞ്ചേരി തിരുവമ്പാടി ഭാഗത്ത് റോഡിന് വീതി കുറഞ്ഞതിനാൽ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
10 മീറ്റർ ഉള്ള ഈ റോഡ് ഏഴു മീറ്റർ ടാറിങ്ങും മൂന്ന് മീറ്റർ ഇന്റർലോക്ക് പാകിയുമാണ് നിർമ്മിക്കേണ്ടിയിരുന്നത്.







