സംസ്ഥാനപാതയോരത്തെ മരത്തടികൾ നീക്കാൻ നടപടിയില്ല

മുക്കം : സംസ്ഥാനപാതയോരത്ത് മുറിച്ചിട്ട കൂറ്റൻ മരത്തടികൾ ആറുമാസംകഴിഞ്ഞിട്ടും നീക്കംചെയ്യാതായതോടെ കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ദുരിതത്തിൽ. കുന്ദമംഗലം-അഗസ്ത്യൻമുഴി സംസ്ഥാനപാതയിൽ മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിനുസമീപത്ത് മുറിച്ചിട്ട മരത്തടികളാണ് അധികൃതരുടെ അനാസ്ഥയിൽ യാത്രക്കാർക്ക് ഭീഷണിയാകുന്നത്.
കഴിഞ്ഞ ജൂണിൽ മുറിച്ചിട്ട മരത്തടികളാണ് കാടുമൂടി യാത്രക്കാർക്ക് ഭീഷണിയാകുന്നത്.
ശക്തമായകാറ്റിലും മഴയിലും വീണ കൂറ്റൻമരമാണ് ഇവിടെ മുറിച്ചിട്ടിരിക്കുന്നത്. കഴിഞ്ഞവർഷം റോഡരികിൽ കൂട്ടിയിട്ട മരത്തടികൾ നീക്കംചെയ്യാതെയാണ് തൊട്ടടുത്ത് വീണ്ടും മരത്തടി കൂട്ടിയിട്ടിരിക്കുന്നത്.ചെറിയവളവും ഇറക്കവുമുള്ള പ്രദേശത്ത് അപകടസാധ്യത നിലനിൽക്കെയാണ്, അപകടം വിളിച്ചുവരുത്തുന്നതരത്തിൽ മരത്തടി കൂട്ടിയിട്ടിരിക്കുന്നത്.
ഒട്ടേറെ ഭിന്നശേഷിവിദ്യാർഥികൾ പഠിക്കുന്ന മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിനുസമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽനിന്നുള്ള കാഴ്ചമറയ്ക്കുന്നതരത്തിലാണ് മരങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. മാത്രമല്ല, മരത്തടികൾ കാടുമൂടിക്കിടക്കുന്നതിനാൽ ഇഴജന്തുക്കളുണ്ടാവാനുള്ള സാധ്യതയുമേറെയാണ്.







