നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം

നെല്ലിപ്പൊയിൽ: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് നെല്ലിപ്പൊയിൽ ഹോമിയോ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചു. “Yoga for Healthy Ageing – ആരോഗ്യകരമായ വാർദ്ധക്യം” എന്ന സന്ദേശം മുൻനിർത്തി നടത്തിയ പരിപാടി ആരോഗ്യകരമായ ജീവിതശൈലിയും യോഗയുടെ പ്രാധാന്യവും പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് മെഡിക്കൽ ഓഫീസർ ഡോ. സഹ്ല വി.പി. ആരോഗ്യകരമായ വാർദ്ധക്യത്തിനും മാനസിക-ശാരീരിക ക്ഷേമത്തിനും യോഗയുടെ പ്രാധാന്യം സംബന്ധിച്ച് വിഷയാവതരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി മുഖ്യപ്രഭാഷണം നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിൻസന്റ് വടക്കേമുറി, പി.ടി.എ. പ്രസിഡന്റ് സാബു അവണ്ണൂർ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് പ്രതിനിധി ലിനറ്റ് ജോസഫ് നന്ദി രേഖപ്പെടുത്തി.
പരിപാടിയുടെ ഭാഗമായി ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ ഡോ. ആഷാ ജോസഫ് വിവിധ യോഗാസനങ്ങളുടെ പ്രദർശനം നടത്തി. തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ നടന്ന യോഗാഭ്യാസത്തിൽ വിദ്യാർഥികളും അധ്യാപകരും സജീവമായി പങ്കെടുത്തു.







