Kodiyathur

മലബാർ റിവർ ഫെസ്റ്റിവൽ ; ആവേശം അലകടൽ തീർത്ത് കൊടിയത്തൂരിലെ വണ്ടിപ്പൂട്ട് മത്സരം

കൊടിയത്തൂർ: രാവിലെ മുതൽ തുടങ്ങിയ കനത്ത മഴയേയും വകവെക്കാതെ നൂറ് കണക്കിന് ജനങ്ങൾ ഒഴുകിയെത്തിയപ്പോൾ സൗത്ത് കൊടിയത്തൂർ വയലിൽ നടന്ന വണ്ടിപ്പൂട്ട് മത്സരം സാഹസിക കായിക പ്രേമികൾക്ക് പുത്തൻ അനുഭവമായി മാറി. ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തിയ്യതികളിൽ നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരത്തിന് മുന്നോടിയായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയാണ് മത്സരം സംഘടിപ്പിച്ചത്.

ചെറുവാടി അഡ്വഞ്ചർ ക്ലബിൻ്റെ സഹകരണത്തോടെയായിരുന്നു മത്സരം. വിശിഷ്ടാതിഥികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചതിന് ശേഷം തിരുവമ്പാടിയുടെ സ്വന്തം എം.എൽ.എ സി.കെ കാസിം ആവേശത്തോടെ കാത്തുനിന്ന ജനങ്ങളെ അമ്പരപ്പിച്ചുകൊണ്ട് വയലിലെ ചെളിയിലിറങ്ങി ജീപ്പിന്റെ വളയം കയ്യിലെടുത്തതോടെ കണ്ട് നിന്നവരും അമ്പരന്നു.

പക്ഷെ വർഷങ്ങൾക്ക് മുമ്പ് ഉപ ജീവനത്തിനായി ജീപ്പിന്റെ സ്റ്റിയറിങ് തിരിച്ച ആ പഴയ ഡ്രൈവർ, കാലങ്ങൾക്ക് ശേഷം ചെളി വണ്ടിപ്പൂട്ടിന്റെ വേദിയിൽ വീണ്ടും ആ പഴയ ‘കൈപ്പുണ്യം’ പുറത്തെടുക്കുകയായിരുന്നു. പണ്ടത്തെ ആ ഡ്രൈവിംഗ് കാലം ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു ട്രാക്കിലെ എം.എൽ.എയുടെ പെർഫോമൻസ്. എം.എൽ.എയുടെ മാസ്സ് എൻട്രി മാത്രമല്ല ഇത്തവണത്തെ വണ്ടിപ്പൂട്ടിനെ വേറിട്ടു നിർത്തിയത്.

പുരുഷന്മാർ മാത്രം വാഴുമെന്ന് കരുതിയ ഓഫ്‌റോഡ് ട്രാക്കുകളിലേക്ക് ഇത്തവണ പെൺപുലികളും വണ്ടിയിറക്കി. നൂറുകണക്കിന് ആളുകളെ സാക്ഷി നിർത്തി, ചെളി നിറഞ്ഞ ട്രാക്കിലൂടെ വണ്ടിയോടിച്ച വനിത ഡ്രൈവർമാർ കാണികളുടെ കയ്യടിയും ആവേശവും ഒരേപോലെ ഏറ്റുവാങ്ങി. ആദ്യമായി ഇത്തരം ഒരു മത്സരത്തിൽ പങ്കെടുത്തതിന്റെ ത്രില്ലിലായിരുന്നു കൊടുവള്ളി സ്വദേശികളായ വനിതാ മത്സരാർത്ഥികളായ ഷഹ്‌ലയും റിയയും തങ്ങളുടെ ആ ആദ്യ വണ്ടിപ്പൂട്ട് എക്സ്പീരിയൻസ് അവർ ആവേശത്തോടെയാണ് പങ്കുവെച്ചത്.

സ്ത്രീകളും കുട്ടികളും മുതിർന്നവരും പ്രായമായവരുമടക്കം വിവിധ ഭാഗങ്ങളിൽ നിന്നായി ഒഴുകിയെത്തിയ നൂറുകണക്കിന് ജനങ്ങളാണ് ഈ ആവേശപ്പോരിന് സാക്ഷ്യം വഹിക്കാൻ കൊടിയത്തൂരിൽ തടിച്ചുകൂടിയത്. ചെളിക്കളത്തിലേക്ക് വണ്ടികൾ ഇരച്ചുകയറിയപ്പോൾ കൊടിയത്തൂർ വണ്ടിപ്പൂട്ട് മത്സരം വെറുമൊരു മത്സരമായിരുന്നില്ല, അതൊരു വമ്പൻ ജനകീയ ഉത്സവമായി മാറുകയായിരുന്നു. നേരത്തെ മത്സരത്തിൻ്റെ ഉദ്ഘാടനം സി.കെ കാസിം എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. കവിത അധ്യക്ഷത വഹിച്ചു.

മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നി, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജി. അബ്ദുൽ അക്ബബർ, കൊടിയത്തൂർ വൈസ് പ്രസിഡൻ്റ് സുജ ടോം, ജില്ലാ പഞ്ചായത്തംഗങ്ങളായ മിസ് ഹബ് കീഴരിയൂർ, പി.ജി മുഹമ്മദ്, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ കസ്ന ഹമീദ്, ആയിഷ ചേലപ്പുറത്ത്, പി. അഹമ്മദ് കുട്ടി, സംഘാടക സമിതി ട്രഷറർ എം.പി ജുമൈല, കോ-ഓർഡിനേറ്റർ എസ്.എ നാസർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മജീദ് മൂലത്ത്, വി.എൻ സുഹൈബ്, മലബാർ റിവർ ഫെസ്റ്റിവൽ ഭാരവാഹികളായ ബോസ് ജേക്കബ്, അജു എമ്മാനുവൽ, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അലക്സ് തോമസ്, കൊടിയത്തൂർ പഞ്ചായത്ത് സെക്രട്ടറി ഒ.എ അൻസു, കൊടിയത്തൂർ ഗ്രാമ പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.ജെ ആൻ്റണി, കെ.ടി മൻസൂർ, എൻ.കെ അഷ്റഫ്, ഗിരീഷ് കാരക്കുറ്റി, ഷംസുദ്ധീൻ ചെറുവാടി, കെ.പി അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button