വഴികാട്ടി ബോർഡ് കെണിയാകുന്നു: തിരുവമ്പാടിയിൽ ദിശ തെറ്റി മറിയപ്പുറം – കക്കുണ്ട് റോഡിലെത്തി യാത്രക്കാർ ദുരിതത്തിൽ

തിരുവമ്പാടി: തിരുവമ്പാടിയിൽ സ്ഥാപിച്ചിട്ടുള്ള ദിശാസൂചക ബോർഡ് യാത്രക്കാരെ വലയ്ക്കുന്നു. കൂടരഞ്ഞിയിലേക്കുള്ള വഴിയെന്ന് തെറ്റിദ്ധരിച്ച് ഡ്രൈവർമാർ മറിയപ്പുറം റോഡിലേക്ക് തിരിയുന്നത് പതിവായിരിക്കുകയാണ്.
കക്കാടംപൊയിൽ ഭാഗത്തേക്ക് പോകുന്ന നിരവധിയായ വിനോദസഞ്ചാരികളാണ് ഏറെയും വഴി തെറ്റി ഇതുവഴി കടന്നുപോകുന്നത്.തിരുവമ്പാടിയിൽ നിന്നുള്ള ഈ ദിശാസൂചകം കണ്ട് അപരിചിതരായ നിരവധി യാത്രക്കാരാണ് ദിശ തെറ്റി മറിയപ്പുറം വഴി യാത്ര ചെയ്യുന്നത്.
എന്നാൽ മറിയപ്പുറം മുതൽ കക്കുണ്ട് വരെയുള്ള റോഡ് തീർത്തും തകർന്ന് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. വലിയ കുഴികളും തകർന്ന ഉപരിതലവും കാരണം ഇതുവഴിയുള്ള യാത്ര വാഹനങ്ങൾക്കും യാത്രക്കാർക്കും ഒരുപോലെ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.കൂടരഞ്ഞി ഭാഗത്തേക്ക് പോകേണ്ടവർക്ക് സുഗമമായി യാത്ര ചെയ്യാവുന്ന മറ്റ് വഴികൾ ഉള്ളപ്പോഴാണ് ബോർഡിലെ വ്യക്തതക്കുറവ് മൂലം ആളുകൾ മോശം റോഡിൽ ചെന്നുപെടുന്നത്. അപരിചിതരായ ഡ്രൈവർമാർ രാത്രികാലങ്ങളിലും മറ്റും ഈ വഴിയിലകപ്പെട്ട് വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
യാത്രക്കാരുടെ ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി ഈ ബോർഡിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും, തകർന്നു കിടക്കുന്ന മറിയപ്പുറം – കക്കുണ്ട് റോഡ് എത്രയും വേഗം പുനരുദ്ധരിക്കാൻ അധികൃതർ തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.







