മുത്തപ്പൻപുഴയിൽ വീണ്ടും മലവെള്ളപ്പാച്ചിൽ; താൽക്കാലിക ചപ്പാത്ത് ഒലിച്ചുപോയി, യാത്രക്കാർ ദുരിതത്തിൽ

ആനക്കാംപൊയിൽ : ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിലെ താൽക്കാലിക ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. മഴക്കാലം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് ചപ്പാത്ത് ഇത്തരത്തിൽ തകർന്നടിയുന്നത്.
തുരങ്കപാത നിർമാണ സ്ഥലത്തേക്ക് ഉൾപ്പെടെയുള്ള ഏക യാത്രാമാർഗ്ഗമാണ് ഇതോടെ തടസ്സപ്പെട്ടിരിക്കുന്നത്. ചപ്പാത്ത് ഒലിച്ചുപോയതിനെ തുടർന്ന് മുത്തപ്പൻപുഴ അങ്ങാടിയിലേക്കും സ്കൂളിലേക്കും പോകേണ്ട നിരവധി ആളുകളാണ് മറുകരയിൽ കുടുങ്ങിപ്പോയത്. പുഴയിലെ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ചപ്പാത്ത് ഇതുവരെ പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല.
തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് പഴയ പാലം പൊളിച്ച് പുതിയ പാലം നിർമിക്കുന്ന പ്രവൃത്തികൾ അനന്തമായി നീളുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഈ യാത്രാക്ലേശം പരിഹരിക്കാനാണ് താൽക്കാലികമായി ചപ്പാത്ത് നിർമിച്ചിരുന്നത്. എന്നാൽ ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും ഇത് വീണ്ടും തകരുന്നത് നാട്ടുകാരെയും യാത്രക്കാരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.







