Mukkam

മുക്കം നഗരസഭയിലേക്ക് ലീഗ് നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി

​മുക്കം: സംസ്ഥാന പാതയോരത്ത് പ്രവർത്തിക്കുന്ന ബീവറേജസ് ഔട്ട്‌ലെറ്റിന് ലൈസൻസ് പുതുക്കി നൽകിയതിലും ഭരണസമിതിയുടെ പരാജയങ്ങൾക്കുമെതിരെ മുസ്ലീം ലീഗ് മുക്കം നഗരസഭാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.

​മുക്കം അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ പ്രവർത്തിക്കുന്ന ബീവറേജസ് ഔട്ട്‌ലെറ്റിന് കഴിഞ്ഞ ഭരണസമിതി ഐക്യകണ്ഠേന ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ നിലവിലെ ഭരണസമിതി ഈ തീരുമാനം അട്ടിമറിച്ചതിനെതിരെയും, നികുതി പിരിവിലെ വീഴ്ചയുൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ചുമാണ് മാർച്ച് സംഘടിപ്പിച്ചത്.മുസ്ലീം ലീഗ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് നഗരസഭ കവാടത്തിൽ പോലീസ് തടഞ്ഞു. പോലീസ് വലയം ഭേദിച്ച് പ്രവർത്തകർ അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് നഗരസഭ കവാടത്തിന് മുന്നിൽ നടന്ന ധർണ്ണ ജില്ലാ പഞ്ചായത്തംഗവും മുസ്ലീം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായ പി.ജി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

​സംസ്ഥാനത്ത് ഭരണം മാറിയതും തിരുവമ്പാടിയിൽ എം.എൽ.എ മാറിയതും അറിയാത്ത രീതിയിലാണ് നഗരസഭ ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ളവരുടെ സമീപനമെന്ന് പി.ജി. മുഹമ്മദ് കുറ്റപ്പെടുത്തി. ഈ നിലപാട് മാറ്റിയില്ലെങ്കിൽ തിരുത്തിക്കാൻ ശേഷിയുള്ള പ്രസ്ഥാനമാണ് മുസ്ലീം ലീഗും യു.ഡി.എഫുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഔട്ട്‌ലെറ്റിന് ലൈസൻസ് പുതുക്കി നൽകിയതിന് പിന്നിൽ വലിയ കൂട്ടുകച്ചവടമാണ് നടന്നിരിക്കുന്നത്. ജനകീയ സമരങ്ങൾ വിജയിച്ച ചരിത്രമാണ് മുക്കത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​നഗരസഭ നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും നികുതി പിരിച്ചെടുക്കുന്നതിൽ നഗരസഭാധികൃതർ വീഴ്ച വരുത്തിയതായി ലീഗ് നേതാക്കൾ ആരോപിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ 1.18 കോടി രൂപ നികുതി ഇനത്തിൽ ഇനിയും പിരിച്ചെടുക്കാനുണ്ട്. പദ്ധതി തുക വിനിയോഗിക്കുന്നതിൽ വലിയ പോരായ്മ വന്നതായും ജനങ്ങൾക്ക് പ്രയോജനകരമായ പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.
​മുസ്ലീം ലീഗ് നഗരസഭാ പ്രസിഡന്റ് എ.എം. അബൂബക്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഗഫൂർ കല്ലുരുട്ടി മുഖ്യപ്രഭാഷണം നടത്തി.

​നഗരസഭാ കൗൺസിലർമാരായ വി. അബ്ദുല്ലക്കുട്ടി, ശരീഫ് വെണ്ണക്കോട്, മുനീർ മുത്താലം, ഹനീഫ് തെച്ച്യാട്, വി. റഹ്‌മത്, ബുഷൈർ, ജിജി ജയരാജ്, ശബാനാ നൂർ എന്നിവരും നേതാക്കളായ ദാവൂദ് മുത്താലം, എം. മധു, പി.വി. അബ്ദുസ്സലാം, പി.കെ. സലാം, ടി.കെ. ഷറഫുദ്ദീൻ, ഷാഹിർ മാസ്റ്റർ, സൈഫുദ്ദീൻ കാടാമ്പള്ളി, എം.കെ. യാസർ, ജിഹാദ് തറോൽ, അൻവർ മുണ്ടുപാറ, പി.സി.എ. റഹ്മാൻ, എ.എം. നജീബുദ്ദീൻ, കൃഷ്ണൻ വടക്കയിൽ, പ്രസാദ് പെരിങ്ങാട്ട്, ഉമർ അബ്ദുല്ല, മിഥ്‌ലാജ് മുണ്ടുപാറ, സൈനബ മുത്താലം, ഉനൈസ് കടവ്, നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button