തിരുവമ്പാടിയിൽ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനസജ്ജം

തിരുവമ്പാടി : തിരുവമ്പാടി സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനസജ്ജം. സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയതോടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളായി. അവസാനഘട്ടമിനുക്കുപണികൾ മാത്രമേ ഇനി ബാക്കിയുള്ളൂ. ട്രഷറിബിൽ മാറുന്നതിന്റെ സാങ്കേതികത്വവും കരാറുകാരന്റെ സാമ്പത്തിക പ്രതിസന്ധിയും ഉൾപ്പെടെയുള്ള കാരണങ്ങളാൽ പ്രവൃത്തി ഇടയ്ക്ക് സ്തംഭനാവസ്ഥയിലാകുകയും തുടർന്ന് കരാർ കാലാവധി നീട്ടിനൽകുകയുമായിരുന്നു. 2022 ഒക്ടോബറിൽ ശിലാസ്ഥാപനം നിർവഹിച്ച കെട്ടിടമാണ് നാലുവർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നത്. കാലപ്പഴക്കത്തെ ത്തുടർന്ന് ജീർണാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയത് പണിതത്
മികച്ചസേവനം ലക്ഷ്യമാക്കി വിപുലമായ സൗകര്യങ്ങളോടെ അഗ്രോ ക്ലിനിക് രീതിയിലാണ് ഇരുനിലകളിലായി സ്മാർട്ട് കൃഷിഭവൻ വികസിപ്പിച്ചിരിക്കുന്നത്.റിസപ്ഷൻ ഏരിയ, ജീവനക്കാരുടെ ഓഫീസ് റൂം, അഗ്രോ ക്ലിനിക്, അഗ്രോ ഫാർമസി, അഗ്രോ സർവീസ് സെന്റർ, മീറ്റിങ് ഹാൾ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് സ്മാർട്ട് കൃഷിഭവൻ. കേരള ലാൻഡ് ഡിവലപ്മെന്റ് കോർപ്പറേഷൻ (കെ. എൽ.ഡി.സി.) ആണ് കെട്ടിടത്തിന്റെ നിർവഹണ ച്ചുമതല.
ജോർജ് എം. തോമസ് എം.എൽ.എ.യുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് 2023 ജൂലായിലാണ് കൃഷിഭവന്റെ പുതിയ കെട്ടിടനിർമാണം ആരംഭിക്കുന്നത്. നിർമാണത്തിലിരിക്കുന്ന കെ.എസ്. ആർ.ടി.സി. സബ് ഡിപ്പോയ്ക്ക് സമീപത്തായി കറ്റിയാട്-നാല്പതുമേനി റോഡിലാണ് സ്മാർട്ട് കൃഷി ഭവൻ. എം.എൽ.എ. ഫണ്ടും നബാർഡ് ഫണ്ടും വിനിയോഗിച്ചാണ് ബഹുനിലക്കെട്ടിടം പണിതിരിക്കുന്നത്.
ലിന്റോ ജോസഫ് എം.എൽ.എ. യുടെ ഫണ്ടിൽനിന്ന് അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് താഴത്തെനില പണിതത്. കൃഷി വകുപ്പ് നബാർഡ് ഫണ്ടിൽനിന്ന് അനുവദിച്ച 2.13 കോടി രൂപ തുടർ പ്രവൃത്തികൾക്കും ഉപകരണങ്ങൾക്കുമായി അനുവദിക്കുകയുണ്ടായി. രണ്ടുകരാറുകാരാണ് പ്രവൃത്തി ഏറ്റെടുത്തത്. പുതിയ കെട്ടിട നിർമാണം ആരംഭിച്ചതോടെ പുല്ലൂരാംപാറ പള്ളിപ്പടി കൃഷിവിപണനകേന്ദ്രത്തിലാണ് കൃഷിഭവൻ പ്രവർത്തനം. സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്യുന്നതോടെ ഇവിടേക്കുള്ള റോഡും ഗതാഗതയോഗ്യമാക്കേണ്ടതുണ്ട്. ഏതാണ്ട് 300 മീറ്റർ ദൂരത്തിൽ റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്.







