Thiruvambady

തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ ഇനിയും യാഥാർഥ്യമായില്ല

തിരുവമ്പാടി : യാത്രാദുരിതം സങ്കീർണമായ മലയോര നിവാസികളുടെ ചിരകാലാഭിലാഷമായ തിരുവമ്പാടി കെ. എസ്.ആർ.ടി.സി. സബ് ഡിപ്പോ കരാർ കാലാവധി കഴിഞ്ഞ് ഒൻപതുമാസം പിന്നിട്ടിട്ടും യാഥാർഥ്യമായില്ല. അങ്ങാടിയിൽ നിന്നും ഒരു കിലോമീറ്റർ അകലെ കറ്റിയാടാണ് സബ് ഡിപ്പോയും ബസ് സ്റ്റേഷനും വരുന്നത്.

ബഹുനില കെട്ടിട നിർമാണം കഴിഞ്ഞ വർഷംതന്നെ പൂർത്തിയായിയിട്ടുണ്ട്. എന്നാൽ ഫണ്ടിന്റെ അഭാവം കാരണം അനുബന്ധ പ്രവൃത്തികൾ സ്തംഭനാവസ്ഥയിലാണ്. നിശ്ചിത കാലാവധി കഴിഞ്ഞിട്ടും സ്റ്റാൻഡ് നിർമാണം, റോഡ് ഉൾപ്പെടെയുളള പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല. പ്രധാന റോഡിൽനിന്നും തുടങ്ങുന്ന ടാറിട്ട പഴയറോഡ് പാടെ പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്.

സബ് ഡിപ്പോയിലേക്ക് പുതുതായി പണിത മൺപാതയാകട്ടെ ഇരുവശവും കാടുമൂടിക്കിടക്കുന്നു. ഏതാണ്ട് 700-മീറ്റർ ദൈർഘ്യത്തിൽ ടാറിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടത്തേണ്ടതുണ്ട്. നിലവിൽ തിരുവമ്പാടി അങ്ങാടിയിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിനോട് ചേർന്നാണ് കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്റർ, ഗാരേജ്, സ്റ്റേഷൻ ഓഫീസ് ഉൾപ്പെടെ പ്രവർത്തിക്കുന്നത്. സബ് ഡിപ്പോ യാഥാർഥ്യമാകുന്നതോടെ ഈ സ്ഥാപനങ്ങളെല്ലാം കറ്റിയാടിലേക്ക് മാറും. ഒരു സ്റ്റേഷൻ ഓഫീസ് മാത്രമാകും നിലവിലെ ബസ് സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തിക്കുക. 2024-മേയിലാണ് സബ് ഡിപ്പോ നിർമാണപ്രവൃത്തി തുടങ്ങിയത്. ഒന്നര വർഷംകൊണ്ട് പൂർത്തി യാക്കണമെന്നാണ് നിർമാണക്കരാർ. 2.79 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്.

Related Articles

Leave a Reply

Back to top button