ചെറുവാടി സ്റ്റേഡിയം പ്രവൃത്തി ; എം.എൽ.എ സന്ദർശിച്ചു

മുക്കം: ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ ചെലവിൽ നവീകരണം ആരംഭിച്ച ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിലെ പ്രവൃത്തി മാസങ്ങളായി മുടങ്ങിക്കിടക്കുന്നതിനെ തുടർന്ന് തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം സ്റ്റേഡിയം സന്ദർശിച്ചു.
സ്റ്റേഡിയത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനും നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായാണ് എം.എൽ.എ ഉദ്യോഗസ്ഥരോടൊപ്പം സന്ദർശനം നടത്തിയത്. ആവശ്യമായ നടപടികൾ സ്വീകരിച്ച് എത്രയും വേഗം പ്രവൃത്തി പൂർത്തീകരിക്കണമെന്ന് അദ്ദേഹം നിർദേശം നൽകി.
എക്സിക്യൂട്ടീവ് എൻജിനീയർ വിഷ്ണു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഡാലിയ, ഇലക്ട്രിക്കൽ എക്സിക്യൂട്ടീവ് എൻജിനീയർ വിജയ്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വിത, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഹമീദ്, എസ്.എ. നാസർ, കെ.സി. യൂസുഫ്, കുട്ടിഹസ്സൻ പരവരിയിൽ, ഗ്രൗണ്ട് വികസന സമിതി അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.







