കൊയിലാണ്ടി-എടവണ്ണ പാതയിലെ അപാകത പരിഹരിക്കും

കാരശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ അപാകതകൾ പരിഹരിക്കു മെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിയമസഭയിൽ ഉറപ്പു നൽകി. കിലോമീറ്ററിന് നാലു കോടിയിലധികം രൂപ ചെലവഴിച്ച് നവീകരിച്ച സംസ്ഥാനപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അപാകതകളും സി.കെ. കാസിം എം.എൽ.എ. നിയമസഭയിൽ ഉന്നയിച്ചതിന് മറുപടിയായാണ് മന്ത്രി പി.കെ. ബഷീർ പരിഹാരം ഉറപ്പുനൽകിയത്.
റോഡിന്റെ അശാസ്ത്രീയമായ നിർമാണം മൂലം സമീപവാസികൾക്കും വ്യാപാരികൾക്കും വലിയ ദുരിതമാണെന്നും ചെറിയ മഴപെയ്താൽപ്പോലും വെള്ളക്കെട്ട് രൂക്ഷമാണെന്നും എം .എൽ.എ. പറഞ്ഞു. റോഡ് നിർമാണത്തിൽ അപാകതകളുണ്ടന്ന് മന്ത്രി പറഞ്ഞു. വിഷയം പഠിക്കാനായി കെ.എസ്. ടി.പി. ചീഫ് എൻജിനിയറെ അയച്ചിരുന്നതായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ടന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ കരാർ കമ്പനിയുടെ കാലവധിക്കുള്ളിൽ തന്നെ പ്രശ്നം പരിഹരിക്കാൻ നടപടിസ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നവീകരണം തുടങ്ങിയ അന്നുമുതൽ പരാതികളും വിവാദങ്ങളും ഉയർന്ന റോഡ് പ്രവൃത്തി പൂർത്തിയായി മാസങ്ങളായെങ്കിലും അപാകതകൾ പരിഹരിക്കാതെ കിടക്കുകയാണ്. നവീകരണശേഷം അപകടങ്ങൾ വൻതോതിൽ പെരുകിയതാണ് ഏറ്റവും വലിയ പരാതിയായി ഉയർന്നത്. ടാറിങ്ങിനു ശേഷം വാഹനങ്ങൾ ഓടിയ ചക്രങ്ങൾ താഴ്ന്ന് റോഡ് നീളെ ചാലുകൾ രൂപപ്പെട്ടുകിടക്കുന്നതാണ് അപകട കാരണങ്ങ ളിലൊന്ന്. വാഹനങ്ങൾ തെന്നി മാറി നിയന്ത്രണം വിട്ടുപോകുന്ന അവസ്ഥയുണ്ട്.
മഴപെയ്ത് റോഡ് നനഞ്ഞാൽ ബ്രേക്ക് ഇടുന്ന വാഹനങ്ങൾ തെന്നിനീങ്ങി അപകടത്തിൽ പ്പെടാറുമുണ്ട്.
പരാതികളെ തുടർന്ന് റോഡിന്റെ കുറേഭാഗങ്ങളിൽ ചാലുകൾ വീണ്ടും ടാറിട്ട് നികത്തിരുന്നു. എന്നാൽ, ഈ നികത്തിയ ടാറിങ് വരമ്പുകൾപോലെ വേറി ട്ട് ഉയർന്നുനിൽക്കുകയാണ്. ചാലുകൾ മൂടി ടാറിട്ടപ്പോൾസീബ്രാ ക്രോസിങ്ങുകൾ, അപകടമേഖലകളിൽ ഉണ്ടാക്കിയ റംബിൾ സ്ട്രിപ്പുകൾ, ട്രാഫിക് നിയന്ത്രണവരകൾ, അടയാളങ്ങൾ എന്നിവയൊക്കെ പലഭാഗത്തും അപ്രത്യക്ഷമായ നിലയിലുമാണ്. ചാലുക ളായ ഭാഗങ്ങൾ മൂടുന്ന പ്രവൃത്തി ഇനിയും ഒരുപാട് ബാക്കിയായി കിടക്കുകയുമാണ്. മന്ത്രിയുടെ ഇടപെടലിലൂടെ യാത്രക്കാരുടെയും നാട്ടുകാരുടെയും പരാതികൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.







