Mukkam

മാതൃകയായി ‘പ്രതീക്ഷ’യിലെ കുരുന്നുകൾ: SMA രോഗബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ധനസഹായം കൈമാറി

മുക്കം: സ്വന്തം ജീവിതം പരിമിതികൾ നിറഞ്ഞതാണെങ്കിലും സഹജീവി സ്നേഹത്തിനും സഹാനുഭൂതിക്കും വലിയ മാതൃകയാവുകയാണ് മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾ.

SMA (സ്‌പൈനൽ മസ്‌കുലാർ അട്രോഫി) രോഗബാധിതരായ ഡേവിഡ്, ഏതൻ, ഒലിവർ എന്നീ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി പ്രതീക്ഷയിലെ കുട്ടികൾ സമാഹരിച്ച ധനസഹായം കൈമാറി.

SMA ബാധിതരായ കുട്ടികളുടെ ചികിത്സാ സഹായ കമ്മിറ്റി രക്ഷാധികാരി കൂടിയായ മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദിനി തുക ഏറ്റുവാങ്ങുകയും ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. വൈകല്യങ്ങളെയും പ്രയാസങ്ങളെയും അതിജീവിച്ച് മറ്റുള്ളവരുടെ വേദനയിൽ പങ്കുചേരാൻ മുന്നോട്ടുവന്ന പ്രതീക്ഷയിലെ കുട്ടികളുടെ മനസ്സിനെ നഗരസഭ ചെയർപേഴ്സൺ ചടങ്ങിൽ അഭിനന്ദിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ. ഷീബയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ്‌ അസീസ് മലയമ്മ സഹായധനം കൈമാറി. ചടങ്ങിൽ വെച്ച് അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ കുടുംബവക സഹായം പി. മോഹൻബാബു, സഹായകമ്മിറ്റി പ്രതിനിധി ഷൈജു മാസ്റ്റർ, ഡിവിഷൻ കൗൺസിലർ റൈനീഷ് നീലാംബരി എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി.

സ്കൂൾ കമ്മിറ്റി ഭാരവാഹി കെ. വിജയൻ, മാനേജർ സി. ഹാരിസ്, പി.ആർ.ഒ. പ്രഭാകരൻ ടി. എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related Articles

Leave a Reply

Back to top button