കലാമേളയിൽ തിളങ്ങി തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി. സ്കൂൾ; വിജയികൾക്ക് ആവേശകരമായ സ്വീകരണവും റാലിയും

തിരുവമ്പാടി: മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മിന്നും വിജയം കരസ്ഥമാക്കിയ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി. സ്കൂളിലെ കലാപ്രതിഭകൾക്ക് സ്കൂളിന്റെയും നാട്ടുകാരുടെയും ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.നവംബർ 9, 10, 11 തീയതികളിലായി തിരുവമ്പാടിയിൽ വെച്ച് നടന്ന കലാമേളയിൽ മികച്ച പ്രകടനമാണ് സ്കൂൾ കാഴ്ചവെച്ചത്.
യു.പി. ജനറൽ, യു.പി. അറബിക് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും, എൽ.പി. ജനറൽ, എൽ.പി. അറബിക് വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും നേടിയ സ്കൂൾ, യു.പി. സംസ്കൃതോത്സവത്തിൽ നാലാം സ്ഥാനവും സ്വന്തമാക്കി.ചരിത്ര വിജയം നേടിയ കുരുന്നു പ്രതിഭകളെ അധ്യാപകരും രക്ഷിതാക്കളും സ്കൂൾ മാനേജ്മെന്റും ചേർന്ന് അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു.
തുടർന്ന് വിജയികളെ അഭിനന്ദിച്ചുകൊണ്ട് തിരുവമ്പാടി ടൗണിലൂടെ നടത്തിയ വർണ്ണാഭമായ വിജയാഹ്ലാദ റാലിയിൽ നിരവധി വിദ്യാർത്ഥികൾ അണിനിരന്നു. അധ്യാപകർ റാലിക്ക് നേതൃത്വം നൽകി.







