തിരുവമ്പാടി എഫ് എച്ച് സി ജംഗ്ഷനിലെ കലുങ്ക് നിർമ്മാണം തിങ്കളാഴ്ച ആരംഭിക്കും, ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിലെ തിരുവമ്പാടി എഫ് എച്ച് സി ജംഗ്ഷനിലെ കലുങ്ക് നിർമ്മാണം തിങ്കളാഴ്ച ആരംഭിക്കും. ഒരു മാസത്തെ കാലവധിയിൽ റോഡ് ഗതാഗതം പൂർണമായും നിരോധിച്ചുകൊണ്ടാണ് നിർമ്മാണ പ്രവർത്തികൾ നടത്തുക. പ്രസ്തുത പ്രദേശത്ത് റോഡിന് ഉയരം കൂടുതൽ ആയതിനാലും താത്കാലിക പാതകൾ നിർമിക്കുന്നത് അപകടങ്ങൾക്ക് വഴിവെക്കുമെന്നും ബോധ്യമായത്തിലാണ് ഗതാഗതം പൂർണമായും നിരോധിക്കുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.
ജംഗ്ഷനിൽ കലുങ്ക് നിർമ്മിക്കാതെ റോഡ് നിർമ്മാണ പ്രവർത്തികൾ തുടരുന്നതിനെതിരെ കഴിഞ്ഞ ദിവസം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർമാർ, ജനപ്രതിനിധികൾ, പോലീസ് ഇൻസ്‌പെക്ടർ, കരാറുകാർ തുടങ്ങിയവരെ വിളിച്ച്കൂട്ടി ചേർന്ന യോഗത്തിലാണ് സ്ഥലം എം എൽ എ ജോർജ് എം തോമസ് മുൻപ് നൽകിയ വാഗ്ദാനമായ ജനങ്ങൾ ആവശ്യപ്പെടുന്ന കലുങ്ക് നിർമ്മിച്ചു നൽകാൻ തീരുമാനമായത്.
ബദൽ പാഥയില്ലാതെ കലുങ്ക് നിർമ്മാണം നടത്തുന്നത് കുടുംബ ആരോഗ്യ കേന്ദ്രം, അഗസ്ത്യൻമുഴി എന്നിവിടങ്ങളിലേക്ക് യാത്രാ പ്രതിസന്ധി സൃഷ്ടിക്കും. വിഷയവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസും നാട്ടുകാർക്ക് ഐക്യധാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രതിഷേധവുമായി എത്തിയിരുന്നു.






