Thiruvambady

കൃഷിഭൂമിയിൽ സർവേക്കല്ല്‌ നാട്ടി; വിവാദമായപ്പോൾ നീക്കം ചെയ്ത് വനപാലകർ

തിരുവമ്പാടി: 50 വർഷമായി റവന്യൂ രേഖകളോടെ കൈവശം വെച്ചുപോരുന്ന കൃഷിഭൂമിയിൽ വനപാലകർ സർവേക്കല്ല് നാട്ടിയതായി പരാതി. വിവാദമായതോടെ വനംവകുപ്പ് അധികൃതർ തന്നെയെത്തി കല്ല് നീക്കം ചെയ്തു. തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ മേലെ പൊന്നാങ്കയം മണിക്കൊമ്പേൽ ജോസ്‌കുട്ടിയുടെ 1.65 ഏക്കർ ജാതിത്തോട്ടത്തിലാണ് സർവേക്കല്ല് സ്ഥാപിച്ചത്.

വനാതിർത്തിയിൽനിന്ന്‌ കൃഷിഭൂമിയിൽ 25 മീറ്റർ ഉള്ളിലേക്കാണ് കല്ല് സ്ഥാപിച്ചത്. ആധാരവും പട്ടയവുമെല്ലാമുള്ള ഭൂമിക്ക്‌ കാലങ്ങളായി നികുതി അടച്ചുവരുന്നതാണെന്നും വനംവകുപ്പ് നടപടി ഭൂമി അന്യാധീനപ്പെടുമെന്ന ആശങ്കയ്ക്കിടയാക്കിയതായും ജോസ്‌കുട്ടി പറഞ്ഞു. മന്ത്രിക്കും ഡി.എഫ്.ഒയ്ക്കും പരാതി നൽകിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് വനപാലകർതന്നെ സർവേക്കല്ല് പൊളിച്ചുമാറ്റിയത്.

മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നതിനിടയിലാണ് വനംവകുപ്പിന്റെ നടപടിയെന്നും കൃഷിഭൂമി സുരക്ഷിതമെന്ന സത്യവാങ്മൂലം നൽകാൻ അധികൃതർ തയ്യാറാകണമെന്നും കർഷകൻ ആവശ്യപ്പെട്ടു. സമീപവാസിയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടന്ന വനാതിർത്തിയിലെ സർവേയുടെ ഭാഗമായാണ് കല്ല് സ്ഥാപിച്ചതെന്നും കൃഷിഭൂമി പിടിച്ചെടുത്തതല്ലെന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആനന്ദ്‌ രാജ് അറിയിച്ചു.

Related Articles

Leave a Reply

Back to top button