തിരുവമ്പാടി സ്വദേശിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം

ന്യൂഡൽഹി: തിരുവമ്പാടി സ്വദേശിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം. പുല്ലൂരാംപാറ ആക്കാട്ടുമുണ്ടക്കൽ ജോഷി ബനഡിക്ടിനാണ് അവാർഡ് ലഭിച്ചത്. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സംവിധായകനുള്ള ദേശീയ അവാർഡാണ് ജോഷി ബനഡിക്ടിന് ലഭിച്ചത്. നോൺ ഫീച്ചർ വിഭാഗത്തിൽ ജോഷി ബനഡിക്ടിൻ്റെ കോക്കനട്ട് ട്രീ എന്ന സിനിമയാണ് പുരസ്കാരം നേടിയത്.
ഒരു കുടുംബവും തെങ്ങും തമ്മിലുള്ള ആത്മബന്ധമാണ് പ്രമേയം. ആരോ ഉപേക്ഷിച്ച ഒരു തെങ്ങിൻ തൈ ഏറ്റെടുക്കുന്ന അമ്മ പറമ്പിൽ അത് നട്ടു പിടിപ്പിക്കുന്നു. കുടുംബത്തിലെ ഒരംഗമായി വളരുകയും ഇടപെടുകയും ചെയ്യുന്ന തെങ്ങിനെയാണ് ജോഷി അവതരിപ്പിക്കുന്നത്.
ചിത്രത്തിൻ്റെ നിർമ്മാണവും സംവിധാനവും ജോഷി ബനഡിക്ട് തന്നെ. 2021-ൽ പൂർത്തിയാക്കിയ സിനിമ മുംബൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടിയിരുന്നു. ജോഷിയുടെ ആദ്യത്തെ സ്വതന്ത്ര അനിമേഷൻ സിനിമയാണിത്.
ജോഷിയുടെ ദി പിഗ് ഫ്ലിപ് എന്ന ഇംഗ്ലീഷ് നോവൽ പന്നി മലത്ത് എന്ന പേരിൽ കെ കെ മുരളീധരൻ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തിട്ടുണ്ട്. തൃശൂർ ഫൈൻ ആർട്സ് കോളേജിൽ നിന്നും ബിരുദം നേടിയ ജോഷി തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്നു. ഭാര്യ: ആൻസി തോമസ്. മകൻ: ബെനറ്റ്.







