ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പണിമുടക്കും ധർണ്ണയും നടത്തി

കോടഞ്ചേരി : കേന്ദ്ര പദ്ധതിയുടെ കീഴിൽ വരുന്ന തൊഴിലാളികൾ, രാജ്യവ്യാപകമായി തൊഴിലാളികളുടെ അടിയന്തിര ആവശ്യങ്ങളോട് കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിക്ഷേധിച്ച് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി അംഗൻവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ്, ആശാവർകേഴ്സ് , പാചക തൊഴിലാളി എന്നീ രംഗത്ത് പ്രവർത്തിക്കുന്ന ടേഡ് യൂണിയനുകളുടെ നേതൃത്ത്വത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ പണിമുടക്കിയ തൊഴിലാളികൾ കോടഞ്ചേരി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.
കോവിഡ് കാലത്ത് സുരക്ഷ ഉറപ്പാക്കുക, കോവിഡ് ഡൂട്ടിക്ക് നിയോഗിക്കുന്നവരെ മുൻനിര പോരാളികളായി പ്രഖ്യാപിക്കുക, ജോലി സ്ഥിരത – മിനിമം വേതനം എന്നിവ ഉറപ്പു വരുത്തുക, ആരോഗ്യ മേഖലയിലെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ജനവിരുദ്ധ കർഷക നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.
ഐ.എൻ.റ്റി.യു.സി മണ്ഡലം പ്രസിഡന്റ് ഫ്രാൻസീസ് ചാലിൽ അധ്യക്ഷം വഹിച്ചു. സി.ഐ.ടി.യു ഏരിയാ ജോയിന്റ് സെക്രട്ടറി എ.എസ്. രാജു ഉദ്ഘാടനം ചെയ്തു.അബൂബക്കർ മൗലവി, ലൈല വി എൻ , ലൂസി കെ എന്നിവർ പ്രസംഗിച്ചു. പുഷ്പ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.







