കാർ ടെലിഫോണ്‍ പോസ്റ്റിലിടിച്ച് മറിഞ്ഞു. രണ്ട് പേർക്ക് പരിക്ക്

മുക്കം: നഗരസഭയിലെ കയ്യിട്ടാപ്പൊയിലിൽ നിയന്ത്രണം വിട്ട കാർ ടെലിഫോണ്‍ പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. കരിയാകുളങ്ങര കുന്നുമ്മൽ മശ്ഹൂർ, അൻസൽ എന്നിവർക്കാണ് പരിക്കേറ്റത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ മണാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മുക്കം – വെസ്റ്റ് മാമ്പറ്റ ബൈപ്പാസിലായിരുന്നു അപകടം. മുക്കത്ത് നിന്ന് മാമ്പറ്റയിലേക്ക് വരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
നേരത്തെ റോഡരികിലെ മരം ഈ ഭാഗത്ത് പൊട്ടിവീണിരുന്നു. ദിവസങ്ങളായി ഇത് അപകട ഭീഷണി ഉയർത്തി നിന്നിട്ടും മാറ്റാൻ നടപടി സ്വീകരിച്ചിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമായത്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മുക്കം ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി. ജൂലായ് പതിനൊന്നിന് അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.







