Thiruvambady

നിർമ്മാണം ആരംഭിച്ച് അഞ്ചാം വർഷത്തിലേക്കടുത്തിട്ടും മോക്ഷപ്രാപ്തി ലഭിക്കാതെ കൈതപ്പൊയിൽ അഗസ്ത്യന്മുഴി റോഡ്

സ്പെഷ്യൽ കറസ്പോണ്ടന്റ്

തിരുവമ്പാടി: കിഫ്ബിയിൽ ഉൾപ്പെടുത്തി 4 വർഷങ്ങൾക്ക് മുൻപ് പ്രവർത്തിയാരംഭിച്ച കൈതപ്പൊയിൽ-കോടഞ്ചേരി-തിരുവമ്പാടി-അഗസ്ത്യന്മുഴി റോഡ് നിർമ്മാണം നാട്ടുകാരെ ദുരിതത്തിലാക്കി ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നു. ഒട്ടേറെ തവണ പരാതിപ്പെട്ടിട്ടും സ്ഥലം എം.എൽ.എയും പൊതുമരാമത്ത് മന്ത്രിയും അടക്കം വാഗ്ദാനങ്ങൾ നൽകിയിട്ടും അവയൊന്നും പാലിക്കപ്പെടാതെ പൊടിതിന്നും യാത്രാ ക്ലേശമനുഭവിച്ചും വീർപ്പുമുട്ടുകയാണിപ്പോഴും പരിസരവാസികൾ.

പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുന്നത് സ്വപ്നം കണ്ട് സ്ഥലം വിട്ടുനല്കിയവർ ഇപ്പോൾ സ്വയം പഴിക്കുന്ന അവസ്ഥയാണുള്ളത്. പ്രസ്തുത റോഡിലെ തിരുവമ്പാടി മുതൽ കോടഞ്ചേരി വരെയുള്ള റീച്ചിൽ പ്രവർത്തി എങ്ങുമെത്താത്ത സ്ഥിതിയാണുള്ളത്. കരാറുകാരനെ നീക്കി പുതിയ കരാർ നൽകിയിട്ടും തൽസ്ഥിതി തുടരുന്നത് അധികാരികളുടെ അനാസ്ഥയായി തന്നെ കാണുകയാണ് നാട്ടുകാർ. ജൽ ജീവൻ മിഷൻ പൈപ്പിടലിന്റെ പേരിൽ ഇപ്പൊൾ ഇഴഞ്ഞു നീങ്ങുന്ന പദ്ധതിയിൽ എവിടെയും പൈപ്പിടൽ പ്രവർത്തി ആരംഭിച്ചിട്ടില്ല എന്നുള്ളതാണ് വസ്തുത.

പ്രവർത്തി ആരംഭിച്ച് എങ്ങുമെത്താതായതോടെ നിർത്തിവെച്ച ബസ് സർവീസുകളും പരിമിതമായ വാഹന സൗകര്യങ്ങളും പൊടിശല്യം മൂലം ദുഷ്കരമാകുന്ന കാല്നടയാത്രയും ഇരുചക്രവാഹന യാത്രയും ജനങ്ങളുടെ ക്ഷമയെ എല്ലാവിധത്തിലും പരീക്ഷിച്ചുകഴിഞ്ഞു. പലയിടങ്ങളിലും പ്രതിഷേധങ്ങളുമായി നാട്ടുകാർ മുന്നിട്ടിറങ്ങിയെങ്കിലും അതൊന്നും അധികൃതർ കാണാത്ത മട്ടിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇതിനിടെ പ്രവർത്തിയുടെ ഭാഗമായി 2 വർഷം മുൻപ് നിർമ്മാണം പൂർത്തീകരിച്ച കലുങ്ക് നിർമാണത്തിലെ അപാകതയെ തുടർന്ന് പുനർനിർമ്മിക്കുന്നത് പ്രവർത്തിയുടെ നിർമ്മാണ നിലവാരത്തെ ചോദ്യം ചെയ്യുകയാണിപ്പോൾ.

Related Articles

Leave a Reply

Back to top button