Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ എലിപ്പനി പ്രതിരോധ വാരാചരണം നടത്തുന്നു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും കുടുംബശ്രീ സി ഡി എസ്സിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മെയ് 19 മുതൽ 24 വരെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ എലിപ്പനി പ്രതിരോധ വാരാചരണം നടത്തുന്നു. ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ആരോഗ്യജാഗ്രത അവലോകനയോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് അധ്യക്ഷത വഹിച്ചു.

‘എലിപ്പനിയും പ്രതിരോധ മാർഗ്ഗങ്ങളും’ എന്ന വിഷയത്തിൽ മെഡിക്കൽ ഓഫീസർ ഡോ. ഫസിന ഹസ്സൻ ക്ലാസെടുത്തു. എലിപ്പനി പ്രതിരോധ വാരാചരണത്തിൻ്റെ പ്രവർത്തനരേഖ ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ അവതരിപ്പിച്ചു.
എലി നശീകരണം, ബോധവൽക്കരണ ക്ലാസുകൾ, ഡോക്സിസൈക്ലിൻ ഗുളിക വിതരണം, നോട്ടീസ് വിതരണം എന്നീ പ്രവർത്തനങ്ങളാണ് വാരാചരണത്തിന്റെ ഭാഗമായി നടത്തുന്നത്.

253 കുടുംബശ്രീ യൂണിറ്റുകൾക്ക് എലി നശീകരണത്തിനായി എലിക്കെണികൾ വിതരണം ചെയ്തിട്ടുണ്ട്. അവലോകന യോഗത്തിൽ വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹിമാൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി എബ്രഹാം, വാർഡ് മെമ്പർ ബീന പി , പി എച്ച് എൻ ഷില്ലി എൻ വി, സിഡിഎസ് ചെയർപേഴ്സൺ പ്രീതി രാജീവ്, ജെ എച്ച് ഐ ഗിരീഷ് കുമാർ കെ. എന്നിവർ സംസാരിച്ചു.

എലികളുടെയും വളർത്തുമൃഗങ്ങളുടെയും മൂത്രവും വിസർജ്യങ്ങളും മൂലം മലിനമായ ജലത്തിലൂടെയും മണ്ണിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയുമാണ് എലിപ്പനി പ്രധാനമായും പകരുന്നത്. ക്ഷീരകർഷകർ, കൃഷിപ്പണിക്കാർ, മലിനജലവുമായി സമ്പർക്കമുള്ളവർ എന്നിവർ എലിപ്പനി പ്രതിരോധത്തിനായി ഡോക്സിസൈക്ലിൻ ഗുളിക കഴിക്കേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും സൗജന്യമായി ഡോക്സിസൈക്ലിൻ ഗുളിക ലഭിക്കുന്നതാണ്.

Related Articles

Leave a Reply

Back to top button