Kerala

കെകെ ശൈലജ ടീച്ചര്‍ കൈത്താങ്ങായി: ഗുരുതരാവസ്ഥയിലായ ജാര്‍ഖണ്ഡ് സ്വദേശിയായ ബാലന് കരള്‍മാറ്റ ശസ്ത്രക്രിയ ഉടന്‍ നടത്തും

കളമശേരി: മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലായ ജാര്‍ഖണ്ഡ് സ്വദേശിയായ അഞ്ച് വയസ്സുകാരന്റെ ശസ്ത്രക്രിയ ഉടന്‍ നടത്തും. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ ഇടപെട്ടതോടെയാണ് ശസ്ത്രക്രിയയ്ക്കുള്ള തടസ്സം നീങ്ങിയത്.

ജാര്‍ഖണ്ഡ് സ്വദേശി സൈനുല്‍ അബിദീനാണ് അടിയന്തിര ചികിത്സ ആവശ്യമുള്ളത്. എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്ന് ശൈലജ ടീച്ചര്‍ കുട്ടി ചികിത്സയിലുള്ള അമൃത ആശുപത്രിയ്ക്ക് നിര്‍ദേശം നല്‍കി.

കൊച്ചി സര്‍വകലാശാല ഫോട്ടോണിക്‌സ് വിഭാഗത്തിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലൊ മൊഹമ്മദ് സഹീര്‍ അന്‍സാരിയുടെ മകനാണ് സൈനുല്‍ അബിദീന്‍. പരിശോധനയില്‍ പിതാവിന്റെ കരള്‍ കുട്ടിക്ക് ചേരുമെന്ന് കണ്ടെത്തി. 10 ലക്ഷം ഉടന്‍ അടക്കണമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. 18 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്ക് ചെലവ് വരിക.

നിര്‍ധന കുടുംബത്തിന് ഇത്രയും വലിയ തുക സ്വരൂപിക്കാന്‍ കഴിയില്ലായിരുന്നു. തുടര്‍ന്ന് കൊച്ചി സര്‍വകലാശാല ടീച്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവിനെ ബന്ധപ്പെട്ടു. അദ്ദേഹം
മന്ത്രി കെകെ ശൈലജയെ വിവരം ധരിപ്പിച്ചതോടെയാണ് കുട്ടിയുടെ ചികിത്സക്കുള്ള വഴി തുറന്നത്.

മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും ബാധിച്ച സൈനുല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതോടെ അമൃത ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button