നഗരസൗന്ദര്യവത്കരണത്തിലെ മെല്ലെപ്പോക്ക്; കരാറുകാരൻ അടച്ച റോഡ് കൗൺസിലറും വ്യാപാരികളും ചേർന്ന് തുറന്നു

മുക്കം : ഏഴുകോടിരൂപ ചെലവിൽ നടക്കുന്ന മുക്കം നഗരസൗന്ദര്യവത്കരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധവുമായി വ്യാപാരികൾ. നവീകരണപ്രവൃത്തികൾക്കായി കഴിഞ്ഞ രണ്ടാഴ്ചയായി കരാറുകാരൻ അടച്ചിട്ട റോഡ് നഗരസഭാ കൗൺസിലറും വ്യാപാരികളും ചേർന്ന് തുറന്നു. ആലിൻചുവട്ടിൽനിന്ന് മുക്കം കടവ് പാലത്തിലേക്കുള്ള റോഡാണ് നഗരസഭാ കൗൺസിലർ പ്രജിത പ്രദീപ് ഇടപെട്ട് കരാറുകാരന്റെ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ തടസ്സങ്ങൾ നീക്കി തുറന്നത്.
പ്ലക്കാർഡുകളുമായാണ് വ്യാപാരികൾ എത്തിയത്. മുക്കം ആലിൻചുവട്ടിൽ കൊരുപ്പുകട്ടകൾ സ്ഥാപിക്കുന്നതിനാണ് റോഡ് അടച്ചത്. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ കൊരുപ്പുകട്ടകൾ സ്ഥാപിക്കാൻ മറ്റൊരാൾക്ക് കരാർ നൽകുകയായിരുന്നു.
കൊരുപ്പുകട്ടകൾ കിട്ടാനില്ലെന്നു പറഞ്ഞാണ് കരാറുകാരൻ പ്രവൃത്തി നിർത്തിയത്. ഇതോടെ വ്യാപാരികൾ ദുരിതത്തിലായി. റോഡ് അടച്ചതോടെ ഈ ഭാഗത്തെ വ്യാപാരസ്ഥാപനങ്ങളിലേക്ക് ആരുമെത്താതെയായെന്നും കച്ചവടം കുത്തനെ കുറഞ്ഞതായും വ്യാപാരികൾ പറയുന്നു. സ്ഥാപിച്ച കൊരുപ്പുകട്ടകൾക്കു മുകളിൽ പാറപ്പൊടി വിതറുകയുംകൂടി ചെയ്തതോടെ പൊടിശല്യം രൂക്ഷമായി. പൊടി പാറാതിരിക്കാൻ വെള്ളം തളിക്കാത്തത് ദുരിതം ഇരട്ടിയാക്കി.






