Thiruvambady

മുതുവമ്പായിലെ പഞ്ചായത്ത് അതിർത്തി പ്രശ്നത്തിൽ പരിഹാരമാകുന്നു.

തിരുവമ്പാടി : കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളുടെ അതിർത്തി സംബന്ധിക്കുന്ന പ്രശ്നത്തിന് പരിഹാരമാവാത്തത് സാധാരണക്കാരായ പ്രദേശവാസികൾക്ക് ഏറെ ആശങ്ക സൃഷ്ടിക്കുന്നുവെന്ന വാർത്ത തിരുവമ്പാടി ന്യൂസ് പുറത്തുവിട്ടിരുന്നു. തിരുവമ്പാടി പഞ്ചായത്തിൽ പെടുന്ന നാൽപതോളം വീടുകൾക്ക് നികുതി സ്വീകരിക്കുന്നത് കൂടരഞ്ഞി പഞ്ചായത്തിലാണ്. ഗുരുതരമായ ഈ വീഴ്ച പലതവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും മൗനമായിരുന്നു പ്രതികരണം. പിന്നീട് നിരന്തരമായ പരാതികളെ തുടർന്നും വാർത്തകളെ തുടർന്നും ഇരു വില്ലേജ് സെക്രട്ടറിമാരും മറ്റ് അധികാരികളും പരിശോധന നടത്തുകയും റിപ്പോർട്ട് തയ്യാറാക്കുകയുമുണ്ടായി.

റിപ്പോർട്ട് പ്രകാരം തിരുവമ്പാടി പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് തർക്കവിഷയമായ സ്ഥലം എന്നാണ് ബോധ്യപ്പെട്ടിരിക്കുന്നത്. ഈ അവസരത്തിലും കൂടരഞ്ഞി പഞ്ചായത്ത് അധികൃതർ തൽസ്ഥിതി തുടരാൻ ആണ് ആഗ്രഹിക്കുന്നതെന്നും അത് തീർത്തും രാഷ്ട്രീയപരമായ ആവശ്യം മാത്രമാണെന്നും ആയതിനാൽ തന്നെ എത്രയും വേഗം പ്രദേശവാസികളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ വേണ്ട നടപടികൾ സ്വീകരിച്ചതിന് ശേഷം മാത്രമേ ഇലക്ഷൻ ഉൾപ്പെടെയുള്ളവ നടത്താൻ പാടുള്ളൂ എന്ന് പരാതിക്കാരനായ സെയ്തലവി ആവശ്യപ്പെട്ടു.

നടപടികൾ സ്വീകരിക്കുമ്പോൾ കൂടരഞ്ഞി പഞ്ചായത്തിൽ തുടരുവാനുള്ള പ്രദേശവാസികളായ ജനങ്ങളുടെ വികാരം കൂടെ കണക്കിലെടുക്കണമെന്ന് വാർഡ്‌ മെമ്പർ ജിജി കട്ടക്കയം ആവശ്യപ്പെടുന്നു. അതിർത്തി വിഷയം നിലനിൽക്കുന്ന 145 സർവേ നമ്പറിൽ പെട്ട സ്ഥലം കസ്തൂരിരംഗൻ റിപോർട്ടിൽ ഉൾപ്പെട്ട പ്രദേശമായതിനാൽ ഇത് കൂടരഞ്ഞി പഞ്ചായത്തിലേക്ക് ഉൾപ്പെടുത്തുന്ന പക്ഷം നിലവിൽ കസ്തൂരിരംഗൻ പരിധിയിൽ വരാത്ത കൂടരഞ്ഞി പഞ്ചായത്തിലും കസ്തൂരിരംഗൻ പരിധിയിൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ വരുമെന്നതാണ് മറ്റൊരു വസ്തുത.

മേല്പറഞ്ഞ വസ്തുതകളുടെ നിജസ്ഥിതി തിരുവമ്പാടി ന്യൂസുമായി പങ്കുവെച്ചത് സർവെയറായ ജോമോൻ ലൂക്കോസ് ആയിരുന്നു, റിപ്പോർട്ട് പ്രകാരം എടുക്കാവുന്ന നടപടി ക്രമങ്ങളെക്കുറിച്ചും ജോമോൻ തിരുവമ്പാടി ന്യൂസിനോട് സംസാരിച്ചു. കാലതാമസം കൂടാതെ നടപടി ക്രമങ്ങൾ പൂർത്തിയക്കുന്നതിനായി രേഖകളെല്ലാം തിരുവമ്പാടിയിലേക്ക് മാറ്റാവുന്നതാണെന്നും, പ്രദേശവാസികളുടെ താത്പര്യമനുസരിച്ച് കൂടാരഞ്ഞിയിലേക്ക് മാറ്റുന്നതിനും സാധ്യത നിലനില്കുന്നുണ്ടെന്നും അത് അല്പം കാലതാമസം നേരിട്ടേക്കാവുന്ന നടപടി ആണെന്നും ജോമോൻ വിശദീകരിക്കുന്നു.

സർവേ രേഖകൾ പ്രകാരം തിരുവമ്പാടി പഞ്ചായത്തിലാണ് പ്രദേശം ഉൾപ്പെടുന്നതെന്നും ആയതിനാൽ തന്നെ രേഖകൾ യഥാക്രമം തിരുത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികളിലേക്ക് നീങ്ങിയെന്നും അന്തിമ തീരുമാനത്തിനായി റിപ്പോർട്ട് കലക്ടർ മുന്പാകെ സമർപ്പിച്ചുവെന്നും സ്ഥലം സന്ദർശിച്ച ശേഷം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സിദ്ധിഖ് തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോടൊപ്പം ഇരു പഞ്ചായത്തുകളുമായി ബന്ധപ്പെട്ട അധികൃതരും സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button