മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്കുള്ള താത്‌കാലിക പാലത്തിൽ അപകടയാത്ര

മുക്കം: കരകവിഞ്ഞൊഴുകുന്ന ഇരുവഴിഞ്ഞിപ്പുഴ. പുഴയിൽ കവുങ്ങുകൊണ്ട് താത്കാലികമായി നിർമിച്ച പാലം. പാലത്തിൽ തൊട്ടു, തൊട്ടില്ലെന്ന മട്ടിലൊഴുകുകയാണ് പുഴ. ഈ പാലത്തിലൂടെയാണ് തന്ത്രിയും ഭക്തരുമെല്ലാം പ്രസിദ്ധമായ തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്ക് പോകുന്നതും വരുന്നതും. 2018-ലെ പ്രളയത്തിൽ ക്ഷേത്രത്തിലേക്കുള്ള ഇരുമ്പുപാലം തകർന്നതോടെയാണ് ഇരുവഴിഞ്ഞിപ്പുഴയിൽ കവുങ്ങുകൊണ്ട് താത്കാലിക പാലം നിർമിച്ചത്. കഴിഞ്ഞദിവസമുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ പാലത്തിന് ഇളക്കം സംഭവിച്ചതോടെ കയറുപയോഗിച്ച് കരയിലേക്ക് വലിച്ചുകെട്ടിയിരിക്കുകയാണ്.
എല്ലാവർഷവും മഴക്കാലത്ത് ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകും. പുഴയിൽ ജലനിരപ്പ് ഉയരുമ്പോൾ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം തൊട്ടടുത്ത ഓഫീസ് മുറിയിലേക്ക് മാറ്റണം. ഈ പാലത്തിലൂടെ നടന്നാണ് ക്ഷേത്ര ജീവനക്കാരും നാട്ടുകാരും വസ്തുക്കളെല്ലാം ഓഫീസിലേക്കെത്തിക്കുന്നത്.
വർഷങ്ങൾക്കുമുൻപ് കടത്തുതോണിയിലാണ് ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നത്. തോണിക്കടത്ത് നിലച്ചതോടെ കാരശ്ശേരി പഞ്ചായത്തിനെയും മുക്കം നഗരസഭയെയും ബന്ധിപ്പിച്ച് ക്ഷേത്രത്തിന് നൂറുമീറ്റർ അകലെ തൂക്കുപാലം നിർമിച്ചു. മഴക്കാലത്ത് മുക്കത്ത് നിന്നുള്ളവർ തൂക്കുപാലത്തിലൂടെ അക്കരെയെത്തി, അവിടത്തെ ഇരുമ്പുപാലത്തിലൂടെ ക്ഷേത്രത്തിലെത്തുകയായിരുന്നു പതിവ്. പതിനായിരങ്ങൾ ഒഴുകിയെത്തുന്ന ശിവരാത്രി മഹോത്സവകാലത്ത് മരത്തടികൾകൊണ്ട് താത്കാലിക പാലം നിർമിക്കും. ഉത്സവം കഴിഞ്ഞാൽ ഇത് പൊളിച്ചുനീക്കും. കരകവിഞ്ഞൊഴുകുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ നടുവിൽ തൃക്കുടമണ്ണ ശിവക്ഷേത്രം







