സംസ്ഥാനത്ത് ഇന്ന് 4584 പേർക്ക് കൊവിഡ്

കേരളത്തിൽ ഇന്ന് 4584 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂർ 346, തിരുവനന്തപുരം 300, ആലപ്പുഴ 251, കണ്ണൂർ 211, കാസർഗോഡ് 176, വയനാട് 133, പാലക്കാട് 130, ഇടുക്കി 78 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
യു.കെ.യിൽ നിന്നുവന്ന 2 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നുവന്ന 86 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 71 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 67,506 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.79 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ. ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,08,39,353 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4046 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.






