തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികളെച്ചൊല്ലി തർക്കം

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി നടത്തിയതിൽ സ്വജനപക്ഷപാതം ആരോപിച്ച് ഭരണസമിതി യോഗത്തിൽ വാക്കേറ്റം. 2025-26 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി തെരുവുവിളക്കുകളുടെ അറ്റക്കുറ്റപ്പണി നടത്തിയതിൽ എൽഡിഎഫ് മെമ്പർമാരുടെ വാർഡുകകളെ അവഗണിച്ചാതായാണ് ആരോപണം. രണ്ടര ലക്ഷം വിനിയോഗിച്ച് 200 വിളക്കുകൾ അറ്റകുറ്റപ്പണികൾ നടത്തിയതിൽ ഭൂരിഭാഗവും യുഡിഎഫിന്റെ രണ്ടു മെമ്പർമാരുടെ വാർഡുകളിലാണെന്നാണ് ആരോപണം. തനത് ഫണ്ടിൽ പണം ഉണ്ടായിരിക്കെ അത് ഉപയോഗിക്കാതെ നാമമാത്ര തുക ഉപയോഗിച്ചതിനെച്ചൊല്ലിയും ആക്ഷേപമുണ്ട്.
വന്യ മൃഗശല്യം രൂക്ഷമായ വനാർത്തി പ്രദേശങ്ങളിൽ പ്രത്യേകപരിഗണന നൽകുമെന്ന വാഗ്ദാനം പാലിച്ചില്ല. പ്രധാനനിരത്തുകളിൽപോലും തെരുവ് വിളക്കുകൾ കത്തുന്നില്ല. ആരോപണം രാഷ്ടീയപ്രേരിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ പ്രതികരിച്ചു. പ്രതിപക്ഷ ആരോപണങ്ങളെ ഭരണപക്ഷം ചെറുത്തതോടെ യോഗം ശബ്ദായമാനമായി. ഇതോടെ ഇടത് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് പഞ്ചായത്ത് കവാടത്തിൽ കുത്തിയിരിപ്പുസമരം നടത്തുകയായിരുന്നു. പ്രതിപക്ഷനേതാവ് കെ.എം. മുഹമ്മദലി ഉദ്ഘാടനംചെയ്തു. കെ. ഡി. ആന്റണി, കെ.എം. ബേബി, രാധാമണി ദാസൻ, അപ്പു കോട്ടയിൽ, റംല ചോലക്കൽ, ബീന ആറാംപുറത്ത് എന്നിവർ സംസാരിച്ചു.






