മുക്കത്ത് ഭീഷണിയുമായി സമരാനുകൂലികൾ

മുക്കം : ദേശീയപണിമുടക്കിനിടെ മുക്കത്ത് സമരാനുകൂലികൾ മിനി സിവിൽസ്റ്റേഷൻ അടപ്പിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരുണ്ടായിരുന്ന ഓഫീസുകൾ ബലമായി അടപ്പിച്ചവർ പണിമുടക്കിനെ എതിർത്ത എഇഒ ഓഫീസിലെ ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ബുധനാഴ്ച രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. ദേശീയപണിമുടക്കിനോടനുബന്ധിച്ച് മുക്കം നഗരസഭാ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ മുക്കം പോസ്റ്റ് ഒാഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത പ്രവർത്തകരാണ് അഗസ്ത്യൻമുഴിയിലെ മുക്കം മിനി സിവിൽസ്റ്റേഷനിലേക്ക് കൂട്ടമായെത്തിയത്.
താഴത്തെനിലയിൽ പ്രവർത്തിക്കുന്ന കൃഷിഭവനിലെത്തിയ സമരാനുകൂലികൾ പണിമുടക്കിനോട് സഹകരിക്കണമെന്നും ഓഫീസ് ഉടനെ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർ ഭയന്ന് ഓഫീസ് അടച്ചു. തുടർന്ന്, എഇഒ ഓഫീസിലുമെത്തി ഇതേ ആവശ്യമുന്നയിച്ചെങ്കിലും ക്ലാർക്കായ ശ്രീധനേഷ് തയ്യാറായില്ല. പണിമുടക്കിയാൽ തന്റെ ജോലി നഷ്ടപ്പെടുമെന്നും തനിക്ക് ജോലിനഷ്ടമായാൽ നിങ്ങൾ ജോലിതരുമോയെന്നും ശ്രീധനേഷ് ചോദിച്ചതോടെ, നീയാരാണെന്നാ വിചാരം എന്ന് ആക്രോശിച്ച് ഇയാൾക്കുനേരേ സമരാനുകൂലികൾ രംഗത്തെത്തുകയായിരുന്നു. ഇത് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇതിനിടെ, ഓഫീസിലെ ഫ്യൂസ് ഊരാൻ നേതാക്കൾ പ്രവർത്തകരോട് ആവശ്യപ്പെട്ടതോടെ ജീവനക്കാർ ഭയന്ന് ഓഫീസടച്ച് പുറത്തിറങ്ങി.







