കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ തീരുമാനമായി.

കട്ടിപ്പാറ: മലയോര കാർഷിക മേഖലയായ കട്ടിപ്പാറയിൽ വന്യമൃഗങ്ങളുടെ ശല്യം കാരണം നിരവധി കർഷകരാണ് കാർഷികമേഖലയിൽ നിന്നും പിന്മാറിയത് .കാർഷിക വിളകൾ സംരക്ഷിക്കുന്നതിന് വേണ്ടി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കേരളത്തിൽ ആദ്യമായി ഫെൻസിംഗ് പദ്ധതി നടപ്പിലാക്കിയത് കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലാണ്.ഇത് വരെ 16 ഹെക്ടർ സ്ഥലത്ത് പദ്ധതി പൂർത്തീകരിച്ചു.
കർഷകരെ സഹായിക്കുന്നതിന് വേണ്ടി ഓരോ വാർഷിക പദ്ധതിയിലും 40% ഫണ്ട് ഉൽപാദന മേഖലയ്ക്ക് വകയിരുത്തുന്നുണ്ട്. ഇപ്പോൾ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയും കർഷകർക്ക് പ്രയോജനപ്രദമായ നിരവധി പദ്ധതികൾ നടപ്പാക്കി കൊണ്ടിരിക്കുന്നു.എന്നിരുന്നാലും വന്യജീവികളുടെ ശല്യം കാരണം കർഷകർക്ക് ഉല്പാദനത്തിന്റെ പ്രയോജനം ലഭിക്കുന്നില്ല.
കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചു കൊല്ലാൻ സംസ്ഥാന സർക്കാറിൻ്റെ പുതുക്കിയ മാർഗ നിർദേശ പ്രകാരം സാധിക്കും. ഇതിന് വേണ്ടി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് ബേബി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്ത് .പി പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിധീഷ് കല്ലുള്ളതോട് ,ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ജോർജ് ,സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പി സി തോമസ്, മദാരി ജുബൈരിയ, ബേബി ബാബു ,ബീറ്റ് ഓഫിസർ ദീപേഷ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ,കർഷക പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു .
2017 ൽ രൂപീകരിച്ച വനം ജാഗ്രതാ സമിതി അംഗങ്ങളായ ജനപ്രതിനിധികൾ, വിവിധ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ , കർഷകർ എന്നിവർ പങ്കെടുത്ത യോഗത്തിൽ വർഷങ്ങളായി ചില കാരണങ്ങളാൽ കളക്ടറേറ്റിൽ ചാരിവെച്ച തോക്കുകൾ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ചു .ഇത്തരം കർഷകർ അടിയന്തരമായി ഫോറസ്റ്റ് റേഞ്ച് ഓഫീസുമായി ബന്ധപ്പെടണമെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു വർദ്ധിച്ച് വരുന്ന കുരങ്ങു ശല്യവും യോഗത്തിൽ ചർച്ച ചെയ്തു. കുരങ്ങ് ഉൾപ്പെടെ വന്യ ജീവികൾ കൃഷി നശിപ്പിക്കുന്നത് കൊണ്ട് കർഷകർക്ക് ആവശ്യമായ ധനസഹായം ലഭ്യമാക്കാൻ നടപടി എളുപ്പം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പുതിയ ലൈസൻസ് അംഗീകരിക്കുവാൻ വേണ്ട നടപടി വേണമെന്നും യോഗത്തിൽ ആവശ്യമുന്നയിച്ചു.ആദ്യഘട്ടത്തിൽ കല്ലുള്ളതോട്, കട്ടിപ്പാറ ,അമരാട്, ചമൽ, വെണ്ടേക്കുംചാൽ, ചോയിയോട്,പയോണ, അമ്പായത്തോട്, കോളിക്കൽ, കരിഞ്ചോല തുടങ്ങിയ സ്ഥലങ്ങളിൽ കർഷകർക്ക് ശല്യമായ കാട്ടുപന്നിയെ വെടിവെച്ച് കൊല്ലുന്നതിന് തീരുമാനമായി.വെടി വെക്കുവാൻ ലൈസൻസുള്ള കർഷകരെ കണ്ടെത്തി അവരുടെ പേര് വിവരങ്ങൾ കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറെ അറിയിക്കുന്നതിനും യോഗം തീരുമാനിച്ചു.






