പൂവാടിയായി ചെറുവാടി സ്കൂൾ അങ്കണം; നാട്ടുകാർക്ക് ഇത് സെൽഫി പോയിൻറ്

കൊടിയത്തൂർ : സ്കൂൾ അങ്കണം പുഷ്പവാടിയാക്കി എൻഎസ്എസ് വൊളന്റിയർമാർ. ചെറുവാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ മുറ്റമാണ് ചെണ്ടുമല്ലിപ്പൂക്കളുടെ വർണശോഭയിൽ തിളങ്ങിനിൽക്കുന്നത്. നാട്ടുകാരുടെയും വിദ്യാർഥികളുടെയും പ്രധാന സെൽഫി പോയിന്റായി ഈ ചെണ്ടുമല്ലി ഉദ്യാനം സ്ഥാനംപിടിച്ചിരിക്കുകയാണ്. സ്റ്റേറ്റ് എൻഎസ്എസ് സെൽ ആസൂത്രണംചെയ്ത കാർഷികാധിഷ്ഠിത പ്രവർത്തനമായ ‘ഹരിതം’ പദ്ധതിയുടെ ഭാഗമായാണ് സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് പൂക്കൃഷി നടത്തിയത്. പന്നിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാർഷിക സഹകരണസംഘം കാഫ്കോസാണ് കോയമ്പത്തൂരിൽനിന്ന് ചെണ്ടുമല്ലിത്തൈകൾ എത്തിച്ചുനൽകിയത്. വിദ്യാർഥികളുടെ പരിചരണത്തിൽ നൂറുമേനി വിളവാണ് നേടാനായത്. പൂക്കൾ വിളവെടുക്കുന്നതിൽനിന്നുള്ള വരുമാനം ജീവകാരുണ്യപ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിക്കും.
പൂക്കളുടെ വിളവെടുത്തുകൊണ്ട് ഹരിതം പദ്ധതിയുടെ മാവൂർ ക്ലസ്റ്റർതല ഉദ്ഘാടനം സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യാ ഷിബു നിർവഹിച്ചു.പ്രിൻസിപ്പൽ ഷക്കീബ് കീലത്ത് അധ്യക്ഷനായി. എൻഎസ്എസ് മാവൂർ ക്ലസ്റ്റർ കൺവീനർ സില്ലി ബി. കൃഷ്ണൻ മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് ഷരീഫ് കൂട്ടക്കടവത്ത്, പ്രോഗ്രാം ഓഫീസർ യു. സുജിത്, പ്രധാനാധ്യാപിക എൻ. നിഷ, മുൻ അധ്യാപകൻ ആസാദ്, പിടിഎ അംഗം കരീം, സ്റ്റാഫ് സെക്രട്ടറി കൃഷ്ണകുമാർ, വൊളന്റിയർ ലീഡർമാരായ ഹിബ ഷെറിൻ, ഫിസ ഷുക്കൂർ, നിവേദ് കൃഷ്ണ എന്നിവർ സംസാരിച്ചു.







