ചെമ്പുകടവ് ഗവൺമെൻറ് യുപി സ്കൂളിൽ ശിശുദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

കോടഞ്ചേരി :ചെമ്പുകടവ് ഗവൺമെൻറ് യുപി സ്കൂളിൽ ശിശുദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മണിപ്പൂരിൽ വീരമൃത്യു പ്രാപിച്ച സൈനികരുടെ ഓർമ്മകൾക്ക് മുൻപിൽ മൗനാചരണത്തോടെ ആരംഭിച്ച ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് അധ്യക്ഷതവഹിച്ചു.കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി നെഹ്റു ചിത്രത്തിന് മുമ്പിൽ നിലവിളക്ക് കത്തിച്ച് പുഷ്പാർച്ചന നടത്തികൊണ്ട് ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
നെഹ്റു വേഷം ധരിച്ച് എത്തിയ സ്കൂളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിനെ മനോഹരമാക്കി.ചടങ്ങിന് മുഖ്യ അതിഥിയായി എത്തിയ കോടഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ അഭിലാഷ് വിദ്യാർത്ഥികൾക്കായി കോവിഡ് സുരക്ഷിത നിർദ്ദേശങ്ങൾ നൽകുകയും ശിശുദിനാഘോഷത്തിൻറെ ഭാഗമായി കോടഞ്ചേരി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സ്പോൺസർ ചെയ്ത മധുരപലഹാരങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി.
തുടർന്ന് നവംബർ 14 ആം തീയതി നടത്തിയ ഓൺലൈൻ മത്സരവിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി. വിദ്യാർത്ഥികൾ തയ്യാറാക്കിയ ” “ചാച്ചാജിയുടെ ഓർമ്മകളിലൂടെ… ” എന്ന മാഗസിൻ ചടങ്ങിൽ പ്രകാശനം ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, വാർഡ് മെമ്പർ വനജ , സ്കൂൾ സീനിയർ അസിസ്റ്റൻറ് മത്തായി എൻ.റ്റി എസ് ആർ ജി കൺവീനർ ആൻ ട്രീസ ജോസ് എന്നിവർ ചടങ്ങിന് ആശംസകൾ പറഞ്ഞു.
കോവിഡ് മഹാമാരിക്കെതിരെ പൊരുതികൊണ്ടിരിക്കുന്ന, ആരോഗ്യ പ്രവർത്തകർക്കും മറ്റു ഉദ്യോഗസ്ഥർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വർണ്ണ ശലഭമായബലൂണുകൾകൾ ആകാശത്തിലേക്ക് പറത്തി. ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകനായ ഹിഷാം എം എച് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറിയും, ക്ലബ് കോർഡിനേറ്ററുമായ പ്രത്യുഷ് കണ്ണൂർ നന്ദിയും പറഞ്ഞു.







