Kerala

ക​ർ​ക്കി​ട​ക മാ​സ പൂ​ജകൾക്കായി ശബ​രി​മ​ല വെ​ള്ളി​യാ​ഴ്ച തു​റ​ക്കും; കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും

തി​രു​വ​ന​ന്ത​പു​രം: ക​ർ​ക്കി​ട​ക മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേരം അ​ഞ്ചി​ന് തു​റ​ക്കും. ക്ഷേ​ത്ര ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ക്ഷേ​ത്ര മേ​ൽ​ശാ​ന്തി വി.​കെ.​ജ​യ​രാ​ജ് പോ​റ്റി ക്ഷേ​ത്ര​ന​ട തു​റ​ന്ന് ദീ​പ​ങ്ങ​ൾ തെ​ളി​ക്കും. തു​ട​ർ​ന്ന് ത​ന്ത്രി വി​ഭൂ​തി പ്ര​സാ​ദം വി​ത​ര​ണം ചെ​യ്യും. പി​ന്നീ​ട് ഉ​പ​ദേ​വ​ത ക്ഷേ​ത്ര ന​ട​ക​ളും തു​റ​ക്കും. പ​തി​നെ​ട്ടാം പ​ടി​ക്ക് മു​ന്നി​ലെ ആ​ഴി​യി​ൽ മേ​ൽ​ശാ​ന്തി അ​ഗ്നി പ​ക​രും.

17ന് ​പു​ല​ർ​ച്ചെ മു​ത​ൽ മാ​ത്ര​മേ മ​ല​ക​യ​റി ഭ​ക്ത​ർ ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​ച്ചേ​രു​ക​യു​ള്ളൂ. ഒ​രു ദി​വ​സം 5000 ഭ​ക്ത​ർ​ക്ക് വീ​തം ദ​ർ​ശ​ന​ത്തി​നാ​യി അ​വ​സ​രം ന​ൽ​കി​യി​ട്ടു​ണ്ട്. വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് സം​വി​ധാ​ന​ത്തി​ലു​ടെ മാ​ത്ര​മേ ഭ​ക്ത​ർ​ക്ക് ഇ​ക്കു​റി ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കൂ. മ​ല ക​യ​റാ​ൻ അ​നു​മ​തി ല​ഭി​ച്ച​വ​ർ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത കോ​വി​ഡ് ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ല്ലെ​ങ്കി​ൽ ര​ണ്ട് ഡോ​സ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ച്ച സാ​ക്ഷ്യ​പ​ത്രം എ​ന്നി​വ ക​രു​ത​ണം.

നെ​യ്യ​ഭി​ഷേ​കം, ഉ​ദ​യാ​സ്ത​മ​ന പൂ​ജ, ക​ള​ഭാ​ഭി​ഷേ​കം, ക​ല​ശാ​ഭി​ഷേ​കം, പ​ടി​പൂ​ജ എ​ന്നി​വ ക്ഷേ​ത്ര​ന​ട തു​റ​ന്നി​രി​ക്കു​ന്ന അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലും ഉ​ണ്ടാ​കും. പൂ​ജ​ക​ൾ പൂ​ർ​ത്തി​യാ​ക്കി 21ന് ​രാ​ത്രി ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കും.

ശബരിമല കർക്കടക മാസപൂജയ്ക്ക് വേണ്ടി തുറക്കുമ്പോൾ കെ എസ് ആർ ടി സി പ്രത്യേക സർവീസുകൾ ആരംഭിക്കുമെന്ന് ​ഗതാ​ഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. കർക്കടക മാസപൂജ പ്രമാണിച്ച് ജൂലൈ 15 വെള്ളിയാഴ്ച നട തുറന്ന് ജൂലൈ 21 ബുധനാഴ്ച രാത്രി നട അടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ശബരിമലയിൽ എത്തുന്ന മുഴുവൻ ഭക്തർക്കും കെ എസ് ആർ ടി സി യാത്രാ സൗകര്യം ഒരുക്കും.

ഈ കാലയളവിൽ തീർത്ഥാടകരുടെ തിരക്ക് അനുസരിച്ച് കെ എസ്​ ആർ ടി സി പ്രത്യേക സർവീസ് നടത്തും. തിരുവനന്തപുരം സെൻട്രൽ, പത്തനംതിട്ട, പുനലൂർ, കൊട്ടാരക്കര യൂണിറ്റ് ഓഫീസർമാർക്ക് ഇതിന്റെ ചുമതല നൽകിയിട്ടുണ്ട്. ഇതിന്റെ തയാറെടുപ്പുകൾക്കായിട്ട് ആവശ്യമായ ജീവനക്കാരേയും വിന്യസിച്ചു.

തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിക്കഴിഞ്ഞു. ജൂലൈ 16 മുതൽ പമ്പയിലും നിലക്കലിലും നടത്തുന്ന സർവ്വീസിനെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നതിന് വേണ്ടി മൈക്ക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

നിലക്കൽ- പമ്പ ചെയിൻ സർവീസിനായി 15 ബസുകളാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. കൂടുതൽ തീർത്ഥാടകർ എത്തുന്ന മുറയ്ക്ക് ബസുകളുടെ എണ്ണം കൂട്ടും. കൂടാതെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പമ്പയിലേക്ക് ചെങ്ങന്നൂർ ഡിപ്പോയിൽ നിന്നും പ്രത്യേക സർവീസ് നടത്തും. കൂടാതെ കോട്ടയം എരുമേലി എന്നീ ഡിപ്പോകളിൽ നിന്നും ആവശ്യമെങ്കിൽ പമ്പയിലേക്ക് സർവീസുകൾ നടത്തുമെന്നും കോവിഡ് പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഇരുന്നുള്ള യാത്രമാത്രമേ അനുവദിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Back to top button