തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിൽ

തിരുവമ്പാടി : തിരുവമ്പാടി എസ്റ്റേറ്റിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. തൊഴിലാളികളുടെ ആനുകൂല്യം വെട്ടിക്കുറച്ചതിലും കള്ളക്കേസിൽ കുടുക്കി പിരിച്ചുവിട്ടതിലും പ്രതിഷേധിച്ചാണ് സമരം. ജില്ലാ ലേബർ ഓഫീസർ വിളിച്ചുചേർത്ത ഒത്തുതീർപ്പ് ചർച്ചകൾ ഫലംകാണാത്തതിനെത്തുടർന്നാണ് സമരം തുടങ്ങിയത്.
രാവിലെ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്ത പ്രകടനവും സമരപ്രഖ്യാപന കൺവെൻഷനും നടന്നു. ഐ.എൻ.എൽ.സി. നേതാവ് മുക്കം മുഹമ്മദ് ഉദ്ഘാടനംചെയ്തു.
ബി.എം.എസ്. ജില്ലാസമിതി അംഗം കെ. പ്രഹ്ളാദൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി. വിശ്വനാഥൻ, ഐ.എൻ.ടി.യു.സി. നേതാവ് ജംഷീദ് ഒളകര, സി.ഐ.ടി.യു. താലൂക്ക് സെക്രട്ടറി ഇ.പി. അജിത്ത്, കെ. റഫീഖ്, ടി. വിനോദ്, ടി. പി. ജബ്ബാർ, സി.എസ്. അരുൺ, മുസ്തഫ പാലോളി, കെ. സന്തോഷ് കുമാർ, എ. അനിൽ, പി. വിജീഷ്, കെ.പി. രാജേഷ്, നജ്മുദ്ദീൻ, രൂപേഷ് കുമാർ, നസീർ കല്ലുരുട്ടി എന്നിവർ സംസാരിച്ചു.







