Mukkam

വട്ടോളിപ്പറമ്പിൽ ശൗചാലയം പൊളിച്ചതിന്റെ മാലിന്യം റോഡരികിൽ തള്ളിയവരെ പിടികൂടി

മുക്കം: നഗരസഭയിലെ വട്ടോളിപ്പറമ്പിൽ ശൗചാലയം പൊളിച്ചതിന്റെ മാലിന്യം റോഡരികിൽ തള്ളിയവരെ നഗരസഭ അധികൃതർ പിടികൂടി. വട്ടോളിപ്പറമ്പ്-തൂങ്ങംപുറം റോഡിൽ വട്ടോളിപ്പറമ്പ് അങ്ങാടിക്ക് സമീപത്താണ് ക്ലോസറ്റ്, വീട്ടിലെ അടുക്കളമാലിന്യങ്ങൾ, ടൈൽസ് കഷണങ്ങൾ, വസ്ത്രക്കെട്ടുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ നഗരസഭ പബ്ലിക് ഹെൽത്ത്‌ ഇൻസ്പെക്ടർ ശ്രീജിത്ത് മുത്തേരിയുടെ നേതൃത്വത്തിലുള്ള സംഘം അവശിഷ്ടങ്ങൾ പരിശോധിക്കുകയായിരുന്നു.

മാലിന്യത്തിൽനിന്ന് ലഭിച്ച ബില്ലിൽനിന്ന് എവിടെനിന്നാണ് ഇവ കൊണ്ടുവന്നതെന്ന് കണ്ടെത്തുകയും തുടർന്നു നടത്തിയ അന്വേഷണത്തിൽ സ്വകാര്യവ്യക്തി 5500 രൂപ ഈടാക്കി മാലിന്യം സമീപത്തെ ക്വാറിയിൽ തള്ളാമെന്നു പറഞ്ഞ് കയറ്റിക്കൊണ്ടു വരുകയായിരുന്നെന്ന് ബോധ്യപ്പെട്ടു. മാലിന്യം കൊണ്ടുവന്ന ലോറി കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ലോറിക്കാരന് മാലിന്യം നൽകിയ വീട്ടുകാർക്കെതിരേ പിഴചുമത്തുമെന്നും ലോറി ഉടമയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും കസ്റ്റഡിയിലെടുക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button