താമരശ്ശേരി ചുരത്തിലെ കുരിശിന്റെ വഴിയിൽ പങ്കെടുത്ത് ആയിരങ്ങൾ

അടിവാരം: ക്രൈസ്തവ സമൂഹത്തിന്റെ വലിയനോമ്പ് ആചാരങ്ങളുടെ ഭാഗമായി ദുഃഖവെള്ളി ആചരണത്തോടനുബന്ധിച്ച് 30 വർഷത്തിലേറെയായി വയനാട് ചുരത്തിൽ നടത്തിവരുന്ന കുരിശിന്റെ വഴിയിൽ പങ്കെടുത്ത് ആയിരങ്ങൾ. അടിവാരം ഗദ്‌സമന്‍ പാര്‍ക്കില്‍ നിന്നാരംഭിച്ച കുരിശിന്റെ വഴി ഉച്ചയ്ക്ക് 2 മണിയോടെ വയനാട് ലക്കിടി മൗണ്ട് സീനായില്‍ സമാപിച്ചു.
രാവിലെ ഫാ.ജെയിംസ് മേക്കര മിശിഹാ ചരിത്ര സന്ദേശവും മാർ ജോൺ പനന്തോട്ടം ദു:ഖവെള്ളി സന്ദേശവും നൽകി അടിവാരത്ത് നിന്ന് ആരംഭിച്ച കുരിശിന്റെ വഴിയിൽ കാൽവരി യാത്രയെ അനുസ്മരിച്ച് കുരിശ് വഹിച്ച യേശു ക്രിസ്തുവും അമ്മ മറിയവും ഭക്ത സ്ത്രീകളും പടയാളികളും വേഷഭൂഷാദികളണിഞ്ഞ് മുമ്പിൽ നീങ്ങി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ചുരത്തിലുടനീളം പാനീയങ്ങൾ ഒരുക്കിയിരുന്നു.
വലിയ സംഘങ്ങളായും വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിലും മറ്റും പുലർച്ചെ 4 മണിയോടെ ആരംഭിച്ച കുരിശിന്റെ വഴി വൈകുന്നേരം വരെ നീണ്ടുനിന്നു. ഗാഗുൽത്തായിലേക്കുള്ള പീഢാനുഭവ യാത്രയിലെ സ്ഥലങ്ങളെ ഓർമ്മപ്പെടുത്തി 14 സ്ഥലങ്ങളിലും താൽക്കാലിക കുരിശ് സ്ഥാപിച്ച് പ്രാർത്ഥന നടത്തിയാണ് കുരിശിന്റെ വഴി നടന്നത്. മൗണ്ട് സീനായിലെ നേർച്ച ഭക്ഷണത്തോടെയാണ് കുരിശിന്റെ വഴി സമാപനം.






