വർക്ക്ഷോപ്പുകളിൽ നിന്ന് മോഷണം നടത്തുന്ന യുവാവ് പിടിയിൽ

മുക്കം : വർക്ക്ഷോപ്പുകളും ഇൻഡസ്ട്രിയൽ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച് ആക്രിക്കടകളിൽ വിൽപന നടത്തുന്ന യുവാവിനെ മുക്കം പൊലീസ് പിടികൂടി. മുക്കം വെന്റ് പൈപ്പ് പാലത്തിനു സമീപം പുതിയോട്ടിൽ കോളനിയിൽ താമസിക്കുന്ന റെനീഫ് എന്ന ആരിഫ് (27) ആണ് പിടിയിലായത്. കുമാരനെല്ലൂർ മുക്കം റോഡിലുള്ള ഇൻഡസ്ട്രിയലിൽ കയറി ഇരുമ്പ് സാധനങ്ങൾ മോഷണം നടത്തിയതിനെ തുടർന്ന് മുക്കം പൊലീസിൽ പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടയിൽ 12ന് വീണ്ടും ഇതേ സ്ഥാപനത്തിൽ നിന്ന് തന്നെ പുലർച്ചെ ഒന്നോടെ ഓട്ടോയിലെത്തിയ പ്രതി ഇരുമ്പ് പൈപ്പുകൾ മോഷ്ടിച്ചു കടന്നു കളഞ്ഞു. തുടർന്ന് പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു പ്രതിയെ തിരിച്ചറിയുകയും 2 ദിവസമായി നിരീക്ഷിച്ചു വരുകയുമായിരുന്നു. തിങ്കളാഴ്ച രാവിലെ വെന്റ് പൈപ്പ് പാലത്തിനു സമീപത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്. കളവുമുതലുകൾ വിൽപന നടത്തിയതായി സമ്മതിച്ച മുക്കം അരീക്കോട് റോഡിൽ പെട്രോൾ പമ്പിന് എതിർവശത്തെ ആക്രിക്കടയിൽ പൊലീസ് പരിശോധന നടത്തി ഇയാൾ വിറ്റ കളവുമുതലുകളിൽപ്പെട്ട ഇരുമ്പ് സാമഗ്രികൾ കണ്ടെടുത്തു.
കളവു നടത്തുന്നതിനായി ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ആരിഫ് തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ പോക്സോ കേസിലും പ്രതിയായിരുന്നതായി മുക്കം പൊലീസ് അറിയിച്ചു. മുക്കം ഇൻസ്‌പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിൽ എസ്ഐ സജിത്ത് സജീവ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷെഫീഖ് നീലിയാനിക്കൽ, അനൂപ് മണാശ്ശേരി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.







