സ്വകാര്യവ്യക്തികൾ കൈയേറിയ സ്ഥലം മുക്കം നഗരസഭ പിടിച്ചെടുത്തു

മുക്കം: മുക്കം നഗരസഭയിലെ തോട്ടത്തിൻകടവിൽ സ്വകാര്യവ്യക്തികൾ കൈവശംവെച്ചിരുന്ന ഇരുവഴിഞ്ഞിപ്പുഴയോരത്തെ 2.3 ഏക്കർ ഭൂമി നഗരസഭാ അധികൃതർ പിടിച്ചെടുത്തു. നഗരസഭാ അതിർത്തിയിൽ കല്ലുനാട്ടിയ അധികൃതർ സ്ഥലത്ത് നഗരസഭയുടെ ബോർഡും സ്ഥാപിച്ചു. നഗരസഭയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ സർവേയിലാണ് ഭൂമി നഗരസഭയുടേതാണെന്ന് വ്യക്തമായത്.
ജില്ലാ സർവേയർ, നീലേശ്വരം വില്ലേജ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സർവേനടപടികൾ പൂർത്തിയാക്കിയത്. ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് നഗരസഭാ ചെയർമാൻ പി.ടി ബാബു, ഡിവിഷൻ കൗൺസിലർ നൗഫൽ മല്ലശ്ശേരി, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഇ സത്യനാരായണൻ, ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്രൻ, ശ്രീജിത്ത്, ഓവർസിയർ ബൈജു, രാജേഷ്, എൻജിനിയർ അതുൽ, കണ്ടിൻജന്റ് ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞവർഷം നെല്ലിക്കാപൊയിലിൽ 85 സെന്റ് സ്ഥലം സമാനമായ രീതിയിൽ നഗരസഭ ഏറ്റെടുത്തിരുന്നു. പുഴയോരത്തെ ഒട്ടേറെ സ്ഥലം സ്വകാര്യവ്യക്തികൾ അനധികൃതമായി കൈവശംവെച്ചിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ഏറ്റെടുത്ത സ്ഥലം നഗരസഭയുടെ വികസനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് നഗരസഭാചെയർമാൻ പി.ടി ബാബു അറിയിച്ചു.






