കറുത്തപറമ്പിൽ പുതിയ ക്വാറിക്ക് പഞ്ചായത്ത് സെക്രട്ടറി നൽകിയ ലൈസൻസ് പഞ്ചായത്ത് ഭരണസമിതി സസ്പെൻഡ് ചെയ്തു.

കാരശ്ശേരി : ഗ്രമപ്പഞ്ചായത്തിലെ കറുത്തപറമ്പിൽ പുതിയ ക്വാറിക്ക് പഞ്ചായത്ത് സെക്രട്ടറി നൽകിയ ലൈസൻസ് പഞ്ചായത്ത് ഭരണസമിതി സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ഒന്നാംതീയതി പഞ്ചായത്ത് ഭരണസമിതി അറിയാതെ സെക്രട്ടറി നൽകിയ ലൈസൻസാണ് ചൊവ്വാഴ്ച ചേർന്ന അടിയന്തര ബോർഡ് യോഗം സസ്പൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റിന്റെ റിപ്പോർട്ടിന്റെയും വാർഡ് അംഗം അടക്കമുള്ളവരുടെ പരാതിയുടെ അടിസ്ഥാനത്തിലുമാണ് തീരുമാനം. കൂടാതെ അവിടെ സ്പെഷ്യൽ ഗ്രാമസഭ വിളിച്ചു ചേർക്കാനും തീരുമാനിച്ചു.
പ്രസ്തുത സ്ഥലത്ത് ഖനനം നടത്തിയാൽ പരിസ്ഥിതിക്ക് കോട്ടം സംഭവിക്കുമെന്നും വിവിധ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥകളും കുടിവെള്ള സ്രോതസ്സുകളും നശിക്കുമെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് രാജ് ചട്ടം 166(3) പ്രകാരം ലൈസൻസ് സസ്പെൻഡ് ചെയ്തതെന്ന് പ്രസിഡന്റ് അറിയിച്ചു.
പ്രസ്തുത ഖനനസ്ഥലം പഞ്ചായത്ത് ഉപസമിതി സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാനും പഞ്ചായത്ത് ജൈവവൈവിധ്യ കമ്മിറ്റിയോട് റിപ്പോർട്ട് തേടാനും തീരുമാനി ച്ചു. കഴിഞ്ഞ പ്രളയകാലങ്ങളിൽ വ്യാപകമായ ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ളതായും നിലവിലുള്ള ക്വാറിമൂലം പരിസ്ഥിതി പ്രശ്നങ്ങൾ ഉടലെടുക്കുന്നതായും ആയതിനാൽ അനുമതി/നിരാക്ഷേപ പത്രം നൽകിയ വിവിധവകുപ്പുകളോടും ഏജൻസികളോടും അത് റദ്ദ് ചെയ്യുന്നതിന് നിർദേശിക്കാനും യോഗം തീരുമാനിച്ചു.
പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു കാരശ്ശേരിയിൽ ഭരണസമിതി അറിയാതെ ക്വാറിക്ക് ലൈസൻസ് നൽകിയ വിഷയംചർച്ച ചെയ്യാൻ അടിയന്തരമായി വിളിച്ചുചേർത്ത ഭരണസമിതിയോഗത്തിൽനിന്ന് ഇടതുപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി.
പഞ്ചായത്ത് കരിങ്കൽ ക്വാറിക്ക് നൽകിയ ലൈസൻസ് റദ്ദ് ചെയ്ത് കോടതിയിൽ പോകണമെന്നും 2007 -ലെ ഉരുൾപൊട്ടൽ സമയത്ത് ഭൗമശാസ്ത്ര വിഭാഗം ഉൾപ്പെടെ നടത്തിയ പഠനത്തിൽ കാരശേരിയിൽ ഇത്തരം പ്രവർത്തികൾക്ക് അനുമതി നൽകരുതെന്ന് നൽകിയ റിപ്പോർട്ട് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നുമുള്ള ആവശ്യം അംഗീകരിക്കാത്തതിനെതുടർന്നാണ് യോഗം ബഹിഷ്കരിച്ചതെന്ന് എൽ.ഡി.എഫ്. അംഗങ്ങൾ അറിയിച്ചു.
കെ.പി. ഷാജി, കെ. ശിവദാസൻ, ഇ.പി. അജിത്ത്, എം.ആർ. സുകുമാരൻ, കെ.കെ. നൗഷാദ്, ഷിജി സിബി, ശ്രുതി കമ്പളത്ത്, ജിജിതാ സുരേഷ് എന്നിവരാണ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്.







